വന്‍മതിലില്‍ തട്ടി വീഴുന്ന സൈദ്ധാന്തീക പ്രതിസന്ധി

പി. ജി. വിഷ്ണുപ്രസാദ്

സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ സാര്‍വ്വദേശീയ രംഗത്തെ സ്ഥിതിഗതികള്‍ പരാമര്‍ശിച്ചുകൊണ്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണല്ലോ?

യഥാര്‍ത്ഥത്തില്‍ ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ പല സാമൂഹിക സൂചികകളിലും മുന്നിട്ട് നില്‍ക്കുന്നവയും അവരവരുടെ സവിശേഷതകളോടെ സോഷ്യലിസം നടപ്പാക്കുന്നവയുമാണ്. സാമ്രാജ്യത്വ ശക്തികളുടെ ഈ രാജ്യങ്ങളോടുള്ള എതിര്‍പ്പും തര്‍ക്കമറ്റ സംഗതി തന്നെയാണ്. എന്നാല്‍, സാമ്പത്തിക ശാസ്ത്രത്തിലോ ഫെമിനിസം പോലുള്ള ആശയങ്ങളിലോ, മറ്റ് സൈദ്ധാന്തിക വിഷയങ്ങളിലോ തന്റെ രാഷ്ട്രീയ ജീവിതത്തിലൊരിക്കലും ഒരു താല്‍പര്യവും പ്രകടിപ്പിക്കാത്ത നേതാവാണ് കോടിയേരി. കേവലം സംഘടനാ നേതാവ്, ദൈനംദിന രാഷ്ട്രീയ പ്രശ്നങ്ങള്‍ കഷ്ടിച്ച് കൈകാര്യം ചെയ്ത് പോകുന്ന ഒരാള്‍ എന്നതിനപ്പുറം ഒരു സൈദ്ധാന്തിക അടിത്തറയും നാളിതുവരെ തെളിയിക്കാത്ത കോടിയേരി ഗൗരവമുള്ള ഒരു വിഷയം പതിവ് ലാഘവത്തോടെ കൈകാര്യം ചെയ്തതാണ് പ്രശ്‌നം.

മുന്‍കാല സമ്മേളന നടപടിക്രമങ്ങളില്‍ ഇങ്ങനെയൊരു ‘ഐറ്റം’ കണ്ട് അദ്ദേഹവും രണ്ട് വാക്ക് പറഞ്ഞെന്നേയുള്ളു. പാര്‍ട്ടിയുടെ കേരളനേതൃത്വത്തിന്റെ ആശയ ദാരിദ്രമാണ് യഥാര്‍ത്ഥത്തില്‍ ഇത് തുറന്നുകാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ സിപിഐഎം നേതാക്കളുടെയോ അണികളുടെയോ ഇന്നത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്സിസം, ലെനിനിസം ഒരു അടിസ്ഥാന പ്രമാണമായി ഊന്നേണ്ട കാര്യമേ ഇല്ല. ഒരു പ്രവര്‍ത്തകന്‍ എന്തൊക്കെ ചെയ്യണം എന്ന് ഏതൊരു നേതാവിനും നിര്‍ദ്ദേശം നല്‍കാം. ഇതിന് വലിയ അറിവിന്റേയോ ആഴത്തിലുള്ള വായനയുടേയോ ആവശ്യവുമില്ല. ഫണ്ട് പിരിവ് ,പ്രസംഗം, ജാഥയില്‍ പങ്കെടുക്കല്‍ , മധ്യസ്ഥ ചര്‍ച്ച, നാട്ടിലെ കല്യാണം, ചാവടിയന്തരം എന്നിവയൊക്കെയാണ് ഇന്നത്തെ പാര്‍ട്ടി പരിപാടികളുടെ മുഖ്യഇനങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുത്താല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതാണ് പാര്‍ട്ടി സംവിധാനം. ഇത് കൈകാര്യം ചെയ്യാന്‍ പ്രത്യയശസ്ത്ര മുന്നൊരുക്കങ്ങളാവശ്യമില്ല. കുറെ വര്‍ഷങ്ങളായി സൈദ്ധാന്തീക വിഷയങ്ങള്‍ പാര്‍ട്ടി കൈകാര്യം ചെയ്യാറില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏത് സാര്‍വ്വദേശീയ പ്രശ്‌നത്തിനാണ് കേരളത്തിലെ നേതാക്കള്‍ വ്യക്തത വരുത്തിയിട്ടുള്ളത്. വേണ്ട, കനപ്പെട്ട ചര്‍ച്ചയെങ്കിലും നടത്തിയിട്ടുള്ളത്.

നിര്‍ഭാഗ്യവശാല്‍ ഇതുമാത്രമാണ് തുടരുന്നതെന്നതിനാല്‍ പാര്‍ട്ടി നേതാക്കള്‍ രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇതിനിടിയിലാണ് പാര്‍ട്ടി സമ്മേളനത്തിലെ അജണ്ടയില്‍ കണ്ട സാര്‍വ്വദേശീയ എല്ലിന്‍ കഷണം കൊടിയേരിയുടെ ശ്രദ്ധയില്‍ പെട്ടത്. വിഷയം കനപ്പെട്ടതാതോടെ ചെമ്പ് പുറത്തുവന്നെന്ന് മാത്രം. ഇതോടെ, പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉറക്കം തൂങ്ങാനുള്ള ഇടവേളയല്ല ‘സാര്‍വ്വദേശീയ ചര്‍ച്ചാ വേളകള്‍’ എന്നെങ്കിലും നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. സൈദ്ധാന്തീക നിലപാടുകളോട് താത്പര്യമില്ലെങ്കിലും സ്വന്തം കാര്യം നടത്തിയെടുക്കാന്‍ അതിവൈദഗ്ധ്യമുള്ള ഇവരെല്ലാം പെട്ടുപോകുന്നത് സമ്മേളനങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ രണ്ട് വാക്ക് പറയേണ്ടി വരുമ്പോഴാണ്. കാലങ്ങളായുള്ള നടപടിക്രമമായതുകൊണ്ട് ഇത്തരം ചടങ്ങുകള്‍ ഒഴിവാക്കാനുമാവില്ല. അങ്ങനെയുള്ള അവസ്ഥയില്‍ ഏതെങ്കിലും ഗവേഷകരോ അനുഭാവികളായ വിദ്യാര്‍ഥികളോ എഴുതി കൊടുക്കുന്നത് പഠിച്ച് പറയുകയാണ് പതിവ്.പ്രതിനിധികള് പലപ്പോഴും പാതി മയക്കത്തിലായതിനാല്‍ ആരുമതൊട്ടു കാര്യമാക്കാറുമില്ല. ചാനലുകള്‍ വള്ളിപുള്ളി വിടാതെ ഇത് സംപ്രേഷണം ചെയ്തതാണ് പ്രശ്നമായത്.

താത്വിക പ്രതിസന്ധി അലട്ടാത്ത നേതൃത്വത്തെ നേര്‍വഴിക്ക് നയിക്കാനായി
ഇറങ്ങി തിരിച്ചിട്ടുള്ള പിഎച്ച്ഡി ബിരുദധാരികളാണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്നം. ഒന്നുമറിയാത്ത, ആശയഗ്രഹണി പിടിച്ച നേതാക്കളുടെ കൂടെ കൂടി ചുളുവില്‍ നേതാക്കളാകുന്നവരാണിവര്‍.
വിനിയാന്വിതരായി പിന്നാലെ കൂടി കനപ്പെട്ട് വിഷയങ്ങള്‍ നല്‍കി കുറെ സ്ഥിതിവിവരകണക്കുകളും നല്‍കി ഇവര്‍ നേതാക്കളുടെ കണ്ണുതള്ളിക്കും.ഇതിലൂടെ പേരും പെരുമയും നേടുന്ന ഇവര്‍ക്ക് പിന്നെ വച്ചടി വച്ചടി കയറ്റമാണ്. ഈ പോസ്റ്റ്‌മോഡേ്ണ്‍ ബുദ്ധിജീവികള്‍ പിന്നീട് വലിയ സമ്മര്‍ദ്ദ ഗ്രൂപ്പുകളായി മാറുകയും ചെയ്യും. മേല്‍പറഞ്ഞ രീതിയിലുള്ള ‘കൃത്യാന്തര ബാഹുല്യത്താല്‍’ വായനയില്ലാത്ത, ആശയ ഗ്രഹണി പിടിച്ച നേതാക്കള്‍ക്ക് വലിയൊരനുഗ്രഹമാണ് പക്ഷെ, ഇക്കൂട്ടര്‍.

ശാസ്ത്രീയമായ പരിപാടിയും അത് നടപ്പിലാക്കാനവശ്യമായ ശരിയായ അടവുനയവും ഇല്ലാത്തതിനാല്‍ എന്തെങ്കിലും തട്ടിക്കൂട്ടി് ജനങ്ങളുടെ അംഗീകാരം നേടുക എന്നത് മാത്രമാണ് സിപിഐഎം ഇന്ന് നിര്‍വഹിച്ച് വരുന്ന ദൗത്യം. മതാചാരങ്ങളെ എതിര്‍ക്കുക എന്നതല്ല മറിച്ച് ആചാരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കുക എന്നതാണ് പുതിയ രീതി. ഈയിടെ ഒരു കുട്ടിയുടെ ചോറൂണിന് അച്ഛനും സഹപ്രവര്‍ത്തകരും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ വൈറലാവുകയുണ്ടായി. ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി 1951ൽ പ്രഖ്യാപിച്ച കൊൽക്കത്ത തിസീസ് പിന്നീട് സി. പി. ഐ എം കയ്യൊഴിഞ്ഞതാണ് ഇന്നത്തെ ദുരവസ്ഥയുടെ അടിസ്ഥാന കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ട് ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇപ്പോഴത്തെ ഘട്ടമേത്? എന്താണ് ജനകീയ ജനാധിപത്യ വിപ്ലവം? അതിന്റെ അച്ചുതണ്ടായ കാര്‍ഷിക വിപ്ലവം എന്താണ്? കാര്‍ഷിക വിപ്ലവത്തിനുള്ള പരിപാടി എന്താണ്? എന്നൊക്കെ ചേദിച്ചാല്‍ സിപിഐഎം നേതാക്കളും അണികളും കൂടുതല്‍ കഷ്ടത്തിലാകും.