അറസ്റ്റിൽ അസ്വാഭാവികതയില്ല; മാധ്യമങ്ങൾ എന്തിനിങ്ങനെ ആഹ്‌ളാദിക്കുന്നു- ഡോക്ടർ സെബാസ്റ്റ്യൻ പോൾ

ഡോ. സെബാസ്റ്റ്യൻ പോൾ

അറസ്റ്റിൽ അസ്വാഭാവികതയില്ല. അത് അസംഭവ്യവുമല്ല. ഇടി വെട്ടുന്നതു പോലെയോ പാമ്പ് കടിക്കുന്നതു പോലെയോ ആർക്കും എപ്പോഴും സംഭവിക്കാവുന്ന അപകടം മാത്രമാണത്. കുറ്റം ചെയ്തവർ മാത്രമല്ല അറസ്റ്റിലാകുന്നത്. നിയമത്തിന്റെ ദൃഷ്ടിയിൽ അനിവാര്യമാകുമ്പോൾ മാത്രം സംഭവിക്കേണ്ടതാണ് അറസ്റ്റ്. അതിനെ നിയന്ത്രിക്കുന്നതിന് നിയമവും വ്യവസ്ഥകളുമുണ്ട്.

കേരളത്തിൽ വാർത്താപ്രാധാന്യം നേടിയ രണ്ട് അറസ്റ്റ്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തായി നടന്നു. രണ്ടു കേസിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ് ആണ് അറസ്റ്റ് നടത്തിയത്. രണ്ട് കേസിലും കള്ളപ്പണം വെളുപ്പിക്കൽ വിഷയമാണെന്നതൊഴികെ മറ്റ്‌ ബന്ധമൊന്നുമില്ല. ബന്ധപ്പെടാത്തതിനെ ബന്ധിപ്പിക്കുന്നതിനുള്ള മുക്കലും മൂളലുമാണ് ബിനീഷ് കോടിയേരിയും അറസ്റ്റിൽ എന്ന മനോരമയുടെ തലക്കെട്ടിലുള്ളത്. ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന നിർവൃതിയുടെ “ഉം” ആണത്.

കേസുകളുടെ ഗുണദോഷ വിചിന്തനമല്ല ഇവിടെ നടത്തുന്നത്. അറസ്റ്റിലായവരെ ന്യായീകരിക്കുന്നതിനുള്ള ശ്രമവുമല്ല. അവരുടെ ന്യായം പറയാൻ അഭിഭാഷകരും കേൾക്കാൻ കോടതിയുമുണ്ട്. അതേസമയം, മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്റ്‌ ഉൾപ്പെടെ കേരളത്തിൽ തലങ്ങും വിലങ്ങും അന്വേഷണവുമായി ഓടിനടക്കുന്ന കേന്ദ്ര ഏജൻസികൾക്ക് അവർക്കു വേണ്ടിയുള്ള പ്രത്യേക കോടതികളെ പ്രാഥമികമായി ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല.

കോഫെപോസ ഇല്ലായിരുന്നുവെങ്കിൽ സ്വപ്ന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുമായിരുന്നു. ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഏജൻസി പരാതിപ്പെടുമ്പോൾ അവിടെയും കാര്യമായൊന്നും തടഞ്ഞിട്ടില്ലെന്നാണ് കരുതേണ്ടത്. നൂറു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മടുപ്പുണ്ടാകാത്ത ചർവിതചർവണമാണ് മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സെൻസേഷണലാകുന്ന കേസുകളിൽ രാഷ്ട്രീയ യജമാനന്മാരുടെ താത്പര്യങ്ങൾക്കനുസൃതമായി നടപടികളുണ്ടാകും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് പാട്ട് കേൾക്കുന്ന പട്ടിയെ മാത്രമല്ല കാണിക്കുന്നത്. യജമാനന്റെ ശബ്ദം കേൾക്കുന്നവർ അനുസരിക്കാൻ മാത്രം ബാദ്ധ്യസ്ഥരാണ്. കൂട്ടിലെ തത്ത ശബ്ദം അനുകരിക്കും; കൂട്ടിൽ നിന്നിറക്കിയ നായ ആജ്ഞ അനുസരിക്കും. നിയമവിധേയമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസികളല്ല ഇവയൊന്നും.

ഈ വിധം കഴിഞ്ഞദിവസം വിമർശിച്ചത് ദീർഘകാലം ഈ ഏജൻസികളെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധിയാണ്. രാഹുൽഗാന്ധിയെ തള്ളിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സോണിയ ഗാന്ധിയെ കൊള്ളാൻ സാദ്ധ്യതയില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ അധിപനായിരുന്ന ചിദംബരത്തെ സിബിഐ കൈകാര്യം ചെയ്തത് എങ്ങനെയെന്നും നാം കണ്ടു.

ക്യാമറയ്ക്കു മുന്നിൽ മതിൽ ചാടിക്കടന്ന സിബിഐ ഉദ്യോഗസ്ഥർ രാഷ്ട്രത്തിനു മുന്നിൽ കോമാളികൾ ആകുകയായിരുന്നു. മുട്ടിയാൽ തുറക്കാത്ത വാതിൽ ആയിരുന്നുവോ ചിദംബരത്തിന്റേത്. പ്രതികളാക്കപ്പെടുന്നവരോട് ഭരണഘടനയും ക്രിമിനൽ നിയമവും കാണിക്കുന്ന അനുകമ്പ മാധ്യമങ്ങൾ കാണണം.

ഭരണാധികാരിയുടെ ദുർവാശിയുടെ ഫലമായി തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞയാളുടെ പിൻമുറക്കാർക്ക് തടവുകാരോട് പരിഗണന കാണിക്കാതിരിക്കാനാകില്ല. മാമ്മൻ മാപ്പിളയുടെ സഹതടവുകാരനായിരുന്നു പി കൃഷ്ണപിള്ള. ഒരാൾ സാമ്പത്തിക കുറ്റവാളിയും മറ്റേയാൾ രാഷ്ട്രീയത്തടവുകാരനുമായിരുന്നു. തടവുകാരുടെ അവകാശങ്ങളുടെ സംരക്ഷണം ഒരു ഒസ്യത്തെന്ന നിലയിൽ മനോരമ അജണ്ടയാക്കണം.

മനുഷ്യാവകാശങ്ങളുടെ കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യമുണ്ട്. ആശുപത്രി കിടക്കയിൽ നിന്ന് വസ്ത്രം മാറാനോ മാറ്റാനുള്ള വസ്ത്രം എടുക്കാനോ സമ്മതിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഒരു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനുമായി അവർ നിർത്താതെ വണ്ടിയോടിച്ചത് നാടകീയതയ്ക്കു വേണ്ടിയുള്ള പകപോക്കലായിരുന്നു. അറസ്റ്റ് ചെയ്യാമെന്നല്ലാതെ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നില്ല. അൽപ്പം സാവകാശം രോഗാവസ്ഥയിലുള്ള ഒരാൾക്കു കൊടുത്തിരുന്നെങ്കിൽ അത് കാരുണ്യപ്രവൃത്തിയാകുമായിരുന്നു.

അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയപ്പോഴും ശിവശങ്കറിന് മാറാൻ വസ്ത്രമുണ്ടായിരുന്നില്ല. താൻ പീഡിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം ജഡ്ജിയോട് നേരിട്ട് പരാതിപ്പെട്ടത് യഥാർത്ഥത്തിൽ പീഡനം അനുഭവിച്ചതു കൊണ്ടാണ്. തടവുകാരന് ഉറങ്ങുന്നതിനുള്ള അനുവാദം കോടതിയിൽ നിന്ന് വാങ്ങേണ്ടി വരുന്നുവെന്നത് മാധ്യമങ്ങൾക്ക് ഫലിതം സൃഷ്ടിക്കുന്നതിനുള്ള സിറ്റ്വേഷനല്ല. ഉരുട്ടൽ മാത്രമല്ല മൂന്നാംമുറ. വിശ്രമം ഇല്ലാതെയുള്ള നിരന്തരമായ ചോദ്യംചെയ്യലും മൂന്നാം മുറയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ ഇതിന്റെ ഭാഗമാണ്.

ചോദ്യംചെയ്യലുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന അന്വേഷണ ഏജൻസിയുടെ പരാതി ശുദ്ധഭോഷ്കാണ്. ചോദ്യങ്ങൾ കേൾക്കണമെന്നല്ലാതെ ഉത്തരം, അതും ചോദ്യകർത്താവിന് തൃപ്തികരമായ ഉത്തരം നൽകണമെന്ന് നിർബന്ധമില്ല. തനിക്കെതിരെ പ്രയോഗിക്കാവുന്ന തെളിവ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ബാദ്ധ്യത പ്രതിക്കില്ല.

അമേരിക്കയിൽ ചോദ്യം ചെയ്യലിനു മുമ്പ് ഇക്കാര്യം പ്രതിക്ക് വ്യക്തമാക്കി കൊടുക്കണമെന്ന് മിറാൻഡ റൂൾ പറയുന്നു. അന്വേഷണത്തിലും വിചാരണയിലും നിശ്ശബ്ദനായിരിക്കുന്നതിനുള്ള പ്രതിയുടെ അവകാശം നമ്മുടെ ഭരണഘടനാ മൗലികാവകാശമെന്ന നിലയിൽ നൽകുന്ന പരിരക്ഷയാണ്. പ്രതിയെ ശിക്ഷിക്കുന്നതിനുള്ള തെളിവ് അന്വേഷകൻ സ്വതന്ത്രമായി കണ്ടെത്തണം.

കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിനും ബിനീഷിനും എതിരെ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. ശിവശങ്കറിന്റെ ഒരു കോടിയും ബിനീഷിന്റെ 50 ലക്ഷവും മാധ്യമങ്ങളിൽ സംഭ്രമജനകമായ വാർത്തയാകുമ്പോൾ ഒരു മുൻമന്ത്രിയുടെ പത്തുകോടി ഇടവേളയിൽ ചോദിക്കാൻ വിട്ടുപോയ ചോദ്യമായി എവിടെയോ കിടക്കുന്നു.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് അലക്കിയെടുത്ത 10 കോടി ഖജനാവിൽ നിന്ന് അപഹരിച്ചതാണ്. അത് ജനങ്ങളുടെ പണമാണ്. വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിൽ നാടകീയത ഇല്ലാത്തതു കൊണ്ടോ പ്രതി ലീഗായതു കൊണ്ടോ വാർത്തയ്ക്ക് പൊലിമയില്ല. ഈ വെളുപ്പിക്കൽ പത്രത്തിന്റെ ധർമ്മമാണോ? കെ. എം ഷാജി, ഖമറുദീൻ തുടങ്ങി പേരുകൾ നിരവധി അപ്പുറത്തുണ്ട്. എല്ലാവർക്കും ഒളിക്കാൻ മാധ്യമക്കൂന്തലിൽ ഇടമുണ്ട്.

അന്വേഷണ ഏജൻസികളുടെ പരാതിയുടെ അടിസ്ഥാനം തങ്ങൾക്കു പോകേണ്ടതായ വഴി അറസ്റ്റിലായ പ്രതികൾ തെളിച്ചു കൊടുക്കാത്തതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയിലേക്കാണ് അവർക്ക് നീങ്ങേണ്ടത്. ഇ എം എസിനെ പിരിച്ചു വിട്ടു. പിണറായി വിജയനെ പിരിച്ചു വിടുകയെന്നത് 1959-ലെ പോലെ എളുപ്പമല്ലാത്തതു കൊണ്ട് അവർ വേറെ വഴികൾ തേടുന്നു.

ഒരു എഫ്ഐആർ ഉണ്ടാക്കുന്നതിന് വലിയ സാമർത്ഥ്യം വേണ്ട. പക്ഷേ, അത് കോടതിയിൽ നിലനിർത്താൻ ലേശം പണിപ്പെടേണ്ടിവരും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ സിബിഐ എഫ്ഐആർ തയ്യാറാക്കി. പക്ഷേ, അത് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് സുപ്രീംകോടതി സിബിഐയെ വിലക്കി. ഒരു പ്രാദേശിക ചാനലിന്റെ ഉടമയായിരുന്നു മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ മാധ്യമങ്ങൾ മുഖ്യമന്ത്രിക്കെതിരെ സ്വയം എഫ്ഐആറും കുറ്റപത്രവും തയ്യാറാക്കുന്നവരാണ്. അവരുടെ കോടതിയില്‍ നിന്ന്  അപ്പീലില്ല. പക്ഷേ, ഒന്നു മനസ്സിലാക്കണം. എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റിന്റെ പരിധിക്കു പുറത്തല്ല മാധ്യമങ്ങൾ. പ്രണോയ് റോയിയെയും അദ്ദേഹത്തിന്റെ എൻഡിടിവിയെയും മരവിപ്പിക്കുന്നതിന് ഇഡി എന്ന ഇഞ്ചക്‌ഷനാണ് കേന്ദ്ര ഗവൺമെന്റ്‌ പ്രയോഗിച്ചത്.

ആ സൂചിയിലെ മരുന്ന് പെട്ടെന്ന് തീരുന്നതല്ല. ഇരട്ട ഇ.ഡി എന്നാണ് രണ്ട് അറസ്റ്റ് വാർത്തയെ ബന്ധിപ്പിച്ചുകൊണ്ട് മാതൃഭൂമി തലക്കെട്ട് നൽകിയത്. ഇ.ഡി എന്നു കേൾക്കുമ്പോഴുള്ള സന്തോഷം മാതൃഭൂമിക്കുണ്ട്. പിരിച്ചു കയറ്റുന്ന മീശ ഒറ്റ ഇടിക്ക് താഴുമെന്നുള്ളത് ചരിത്രം. ഫെഡറൽ ഏജൻസികൾക്ക് ഫെഡറലിസത്തിന്റെ വരമ്പുകൾ ഭേദിച്ച് എവിടെയും എന്തും അലങ്കോലപ്പെടുത്താമെന്നു വന്നാൽ മാധ്യമങ്ങൾക്കും അൽപ്പം കരുതൽ ഉണ്ടാകുന്നത് നല്ലതാണ്. അന്വേഷണ ഏജൻസികൾ ഗഡുക്കളായി ഇട്ടുകൊടുക്കുന്ന വിവരത്തിന്റെ കഷണങ്ങൾ താത്കാലികമായ സംതൃപ്തിക്ക് വകയാകുമെങ്കിലും സമാന്തരവിചാരണയ്ക്കും വിധിയെഴുത്തിനും മതിയാകില്ല.

കടപ്പാട്: ദേശാഭിമാനി