ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ഇഡിയില്‍ അധികവും സഖാക്കളാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത സമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഇഡിയിലെ ഉദ്യോഗസ്ഥന്മാര്‍ കേസില്‍പ്പെടുന്നതൊക്കെ വലിയ സംഭവമാണോ എന്ന് ചോദിച്ച സുരേന്ദ്രന്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എത്ര കേസുകളില്‍ പ്രതികളാകുന്നുണ്ടെന്നും ആരാഞ്ഞു. ആരോപണം ശരിയാണോ അല്ലയോ എന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനു മുന്‍പ് വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇഡി ഉദ്യോഗസ്ഥന്മാരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണ് എന്ന അഭിപ്രായം എനിക്കില്ല. കസ്റ്റംസിലും ഇഡിയിലുമൊക്കെ അധികവും സഖാക്കളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നെടുമങ്ങാട് സ്വദേശിയായ ബിന്ദുവിനോട് പൊലീസ് നടത്തിയ ക്രൂരതയിലും സുരേന്ദ്രന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ബിന്ദുവിനെ അപമാനിച്ചുവെന്നും ദളിത് പ്രേമവും സ്ത്രീ വിമോചനവുമൊക്കെ എവിടെയാണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.