കളിയില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചാല്‍ ‍ഇതു സംഭവിക്കും; മൂന്‍ ക്ലബ്ബിന്റെ മാനേജര്‍ പറയുന്നത് ഇങ്ങിനെ

ബ്രെന്റ് ഫോര്‍ഡിനെതിരേയുള്ള മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പ്രതിഷേധം വലിയ ചര്‍ച്ചയായിമാറിയിരിക്കുകയാണ്. ദേഷ്യം പൂണ്ട് താരം കസേരയിലേക്ക് ഓവര്‍കോട്ട് വലിച്ചെറിയുകയും മറ്റും ചെയ്തു. ഒടുവില്‍ പരിശീലാന്‍ റാംഗ്നിക് താരത്തിന്റെ അരികിലെത്തി ആശ്വസിപ്പിച്ച ശേഷമായിരുന്നു താരം ശാന്തനായത്. 70 ാം മിനിറ്റില്‍ താരത്തെ പിന്‍വലിച്ച് ഗാരി മഗ്വെയറെയായിരുന്നു റാംഗ്നിക്ക് കളത്തിലേക്ക് വിട്ടത്.

മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1 ന് ജയിച്ചെങ്കിലും ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോളടിച്ചിരുന്നില്ല. ടീം രണ്ടു ഗോളടിച്ച് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്ത്യാനോയെ പരിശീലകന്‍ തിരിച്ചുവിളിച്ചത്. എന്നാല്‍ ഇതൊരിക്കലും പ്രതീക്ഷിക്കാതിരുന്ന താരം തന്നെ എന്തിനാണ് തിരിച്ചുവിളിക്കുന്നത് എന്ന തരത്തില്‍ സംശയിക്കുകയും മനസ്സില്ലാമനസ്സോടെ പിച്ചില്‍ നിന്നും ഇറങ്ങുകയും ജാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. സബസ്റ്റിറ്റിയൂട്ട് ചെയ്യുന്നതില്‍ ക്രിസ്ത്യാനോ പ്രതിഷേധിക്കുന്നത് ഇതാദ്യമല്ല. നേരത്തേ യുവന്റസില്‍ ആയിരുന്നപ്പോഴും താരം പ്രതിഷേധിച്ചിരുന്നു.

ഇന്റര്‍മിലാന് എതിരേയുള്ള ഇറ്റാലിയന്‍ സീരി എ മത്സരത്തിലായിരുന്നു പരിശീലകന്‍ ആന്ദ്രേ പിര്‍ലോ താരത്തെ മടക്കി വിളിച്ചത്. അന്നും ക്രിസ്ത്യാനോ കടുത്ത ദേഷ്യം പ്രകടമാക്കിയിരുന്നു. എന്നാല്‍ ഒരു താരവുമായി ക്ലബ്ബ് ഏര്‍പ്പെടുന്ന കരാറില്‍ അയാളെ കളത്തില്‍ നിന്നും പിന്‍വലിക്കാന്‍ പാടില്ല എന്ന് എഴുതിയിട്ടൊന്നുമില്ലല്ലോ എന്നായിരുന്നു പിര്‍ലോയുടെ പ്രതികരണം. അദ്ദേഹം ഞങ്ങളുടെ അടിസ്ഥാന കളിക്കാരനൊക്കെയാണ്. എന്നാല്‍ എപ്പോഴും ഉയര്‍ന്ന തലത്തില്‍ നില്‍ക്കണമെങ്കില്‍ അദ്ദേഹത്തിനും വിശ്രമം നല്‍കേണ്ടതുണ്ട്. പിര്‍ലോ പറഞ്ഞു.