എംബാപെയ്ക്ക് റയലിന്റെ മോഹവില; പി.എസ്.ജി വണ്ടറടിച്ച് വീഴുമോ?

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ അതൃപ്തനായ യുവ താരം കെയ്‌ലിയന്‍ എംബാപെയെ റാഞ്ചാന്‍ അരയുംതലയും മുറുക്കി സ്പാനിഷ് വമ്പന്‍ റയല്‍ മാഡ്രിഡ്. എംബാപെയെ സ്വന്തമാക്കാന്‍ റയല്‍ ആദ്യം മുന്നില്‍വെച്ച തുക പിഎസ്ജി തള്ളിയിരുന്നു. പിന്നാലെ തുക പുതുക്കി താരത്തിനായി സന്നദ്ധത അറിയിച്ചിരിക്കുകയാണ് റയല്‍.

സമകാലിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ യുവതാരമായ എംബാപെയെ പിഎസ്ജിയില്‍ നിന്ന് കൂടെക്കൂട്ടാന്‍ 170 മില്യണ്‍ യൂറോയാണ് (1473 കോടിയോളം രൂപ) റയല്‍ മാഡ്രിഡ് പുതുതായി വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ 160 മില്യണ്‍ യൂറോ (1386 കോടിയോളം രൂപ) എംബാപെയ്ക്കായി നല്‍കാമെന്ന് റയല്‍ അറിയിച്ചെങ്കിലും തുക പോരെന്ന് പറഞ്ഞ് പിഎസ്ജി തള്ളിയിരുന്നു. എംബാപെയ്ക്കു വേണ്ടി റയല്‍ പുതുക്കിയ തുക പിഎസ്ജി അംഗീകരിച്ചാല്‍ അത് ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരകൈമാറ്റങ്ങളിലൊന്നായി മാറും.

അതേസമയം, റയലിന്റെ മോഹം യാഥാര്‍ത്ഥ്യമാകാനുള്ള സാദ്ധ്യതയില്‍ മങ്ങല്‍ വീഴ്ത്തുന്നതാണ് കണക്കുകള്‍. 2017ല്‍ 18 മില്യണ്‍ യൂറോയ്ക്കാണ് മൊണാക്കോയില്‍ നിന്ന് എംബാപെയെ പിഎസ്ജി വാങ്ങിയത്. അതില്‍ കുറഞ്ഞൊരു തുകയ്ക്ക് എംബാപെയെ വില്‍ക്കില്ലെന്ന് പിഎസ്ജി ഡയറക്റ്റര്‍ ലിയണാര്‍ഡോ വ്യക്തമാക്കി കഴിഞ്ഞു. പിഎസ്ജിയില്‍ എംബാപെയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ കാലാവധി കൂടിയുണ്ട്. അതിനാല്‍ത്തന്നെ ക്ലബ്ബിന്റെ അനുമതിയില്ലാതെ താരത്തിന് കൂടുമാറ്റം സാദ്ധ്യമല്ല. കഴിഞ്ഞ സീസണില്‍ 42 ഗോളുമായി പിഎസ്ജിയുടെ ടോപ് സ്‌കോററായിരുന്നു എംബാപെ.