ക്രിസ്റ്റ്യാനോയെ ക്ഷണിച്ച് പഴയ ആശാന്‍; ആശയക്കുഴപ്പത്തില്‍ സൂപ്പര്‍ താരം

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ട് ഫ്രാന്‍സിലെ പിഎസ്ജിയിലേക്ക് കൂടുമാറിയതിനു പിന്നാലെ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യം പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോയെ റൊണാള്‍ഡോയുടെ ഭാവിയെ ചുറ്റിപ്പറ്റിയായി. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ തൃപ്തനല്ലാത്ത സിആര്‍7 പുതിയ തട്ടകം തേടുന്നതായുള്ള വാര്‍ത്തകളും സജീവമായി. യുവന്റസില്‍ ചഞ്ച ല മനസുമായി നില്‍ക്കുന്ന ക്രിസ്റ്റ്യാനോയെ തന്റെ ക്ലബ്ബിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരത്തിന്റെ പഴയ ആശാന്‍മാരിലൊരാള്‍.

സിനദിന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കാര്‍ലോ ആന്‍സലോട്ടിയെയാണ് പുതിയ പരിശീലകന്റെ ചുമതലയേല്‍പ്പിച്ചത്. 2013-15 കാലയളവില്‍ റയലില്‍ ക്രിസ്റ്റ്യാനോയെ പരിശീലിപ്പിച്ചിട്ടുണ്ട് ആന്‍സലോട്ടി. 2014ല്‍ ഈ കൂട്ടുകെട്ട് റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ചിരുന്നു. റയലിലേക്ക് റോണോയെ തിരികെ കൊണ്ടുവരണമെന്നാണ് ആന്‍സലോട്ടിയുടെ നിലപാട്. വിഷയത്തില്‍ ക്ലബ് മാനേജ്‌മെന്റുമായി ആന്‍സലോട്ടി ചര്‍ച്ചയാരംഭിച്ചതായാണ് വിവരം. ക്രിസ്റ്റ്യാനോയ്ക്ക് റയലിനെ ഇനിയും സഹായിക്കാന്‍ കഴിയുമെന്ന് ആന്‍സലോട്ടി വിശ്വസിക്കുന്നു.

അതേസമയം, ക്രിസ്റ്റ്യാനോയ്ക്ക് ഇണങ്ങുന്ന ക്ലബ്ബ് കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവന്റസ് തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്രിസ്റ്റ്യാനോയെ വില്‍ക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. എന്നാല്‍ യുവന്റസിന്റെ ശ്രമം ഉടന്‍ ലക്ഷ്യംകാണാന്‍ സാധ്യതയില്ല.

ക്രിസ്റ്റ്യാനോയെ റയലില്‍ തിരിച്ചെത്തിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫെര്‍ണാണ്ടോ പെരസ് വ്യക്തമാക്കിക്കഴിഞ്ഞു. കെയ്‌ലിയന്‍ എംബാപെയിലും എര്‍ലിംഗ് ഹാലാന്‍ഡിലുമാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്. പിഎസ്ജിക്കും ക്രിസ്റ്റ്യാനോയില്‍ താല്‍പര്യമുണ്ട്. എന്നാല്‍ എംബാപെയെ വില്‍ക്കാതെ ക്രിസ്റ്റ്യാനോയെ വാങ്ങാന്‍ പിഎസ്ജി തുനിയില്ല. ഈ സാഹചര്യത്തില്‍ തത്കാലം മനസില്ലാ മനസോടെയെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് യുവന്റസില്‍ തുടരേണ്ടിവരും.