ലിവർപൂളിനോട് തോൽവി, താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകി ടെൻ ഹാഗ്; ഇനി ഇതുപോലെ ഉള്ള മത്സരം കളിക്കുന്നതിന് മുമ്പ് താരങ്ങൾ ഇതൊക്കെ ഓർക്കും

ലിവർപൂളിന്‍റെ തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ ദിവസം കനത്ത തോൽവിയെറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. ഇപ്പോൾ മികച്ച ഫോമിലുള്ള മാഞ്ചസ്റ്ററിനെതിരെ മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ലിവർപൂൾ ഒരിക്കലും നേടില്ല എന്നുവിചാരിച്ച നേട്ടമാണ് ടീം സ്വന്തമാക്കിയത്.

മുഹമ്മദ്‌ സലേ, കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനെസ്‌ എന്നിവർ ഇരട്ടഗോളടിച്ചപ്പോൾ റോബർട്ടോ ഫിർമിനോയുടെ വകയായിരുന്നു ഒരു ഗോൾ. രണ്ടാം പകുതിയിലായിരുന്നു ആറു ഗോളുകൾ പിറന്നത്. എന്തുതന്നെ ആയാലും ആ തോൽവി ചുവന്ന ചെകുത്താന്മാർക്ക് ഒരു റെഡ് സിഗ്നൽ തന്നെ ആയിരുന്നു. മികച്ച ടീമുകൾക്ക് എതിർ കളിക്കുമ്പോൾ എന്താണ് തങ്ങളുടെ കുറവെന്ന് ടീമിന് മനസിലാക്കാൻ ഈ തോൽവി അവരെ സഹായിക്കും.

എന്തായാലും വലിയ തോൽ‌വിയിൽ തന്റെ താരങ്ങളോട് ദേഷ്യപ്പെട്ട പരിശീലകൻ എറിക്ക് ടെൻ ഹാഗ് എല്ലാ താരങ്ങളും ടീം ബസിൽ മടങ്ങണം എന്ന നിർദേശമാണ് ആദ്യം മുന്നോട്ട് വെച്ചത്. കൂടാതെ ടീം അംഗങ്ങൾ എല്ലാവരും ഇരുന്ന് ലിവർപൂൾ ആഘോഷിക്കുന്നതും ഫാൻസ്‌ കൂവി വിളിക്കുന്നതുമായ വീഡിയോ വീണ്ടും വീണ്ടും താരങ്ങളെ കാണിച്ചു. ഇനി ഒരിക്കലും ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന വാശി താരങ്ങൾക്ക് തോന്നാൻ ആയിരുന്നു ഇത്, എന്തായാലും ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ടെൻ ഹാഗിന്റെ ശിഷ്യന്മാർ റയൽ ബെറ്റീസിനെ തകർത്തെറിഞ്ഞ് ജയം സ്വന്തമാക്കി.