‘ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍… വോമോസ് അര്‍ജന്റീന’

കോപ്പ അമേരിക്കയിലെ ആദ്യ മത്സരം തന്നെ ചിലിയോട് സമനില വഴങ്ങിയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനയുടെ തുടക്കം. ഇപ്പോഴിതാ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എംഎല്‍എയും മുന്‍ മന്ത്രിയുമായ മണിയാശാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും,വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ…അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍… Vomos Argentina’ മണിയാശാന്‍ കുറിച്ചു. അര്‍ജന്റീനയുടെ വലിയ ആരാധകനാണ് മണിയാശാന്‍.

ഗ്രൂപ്പ് ബി മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

33ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്. മെസിയുടെ ഇടംകാലില്‍ നിന്നും കുതിച്ച പന്ത് ഗോള്‍കീപ്പര്‍ ബ്രാവോയ്ക്ക് ഒരു സാദ്ധ്യതയും നല്‍കാതെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. 57ാം മിനിറ്റില്‍ ചിലി ഗോള്‍ മടക്കി.