രണ്ട് വര്‍ഷത്തിനിടെ ടീം ഇന്ത്യ അടിമുടി മാറും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യയില്‍ പലമാറ്റങ്ങളും പ്രതീക്ഷിക്കാമെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ഇനിയുള്ള രണ്ടു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുടേതായിരിക്കുമെന്നും നിരവധി യുവതാരങ്ങള്‍ ഇക്കാലയളവില്‍ ടീമിലെത്തുമെന്നും ശാസ്ത്രി പറയുന്നു.

ഏകദിനത്തിലും ടി20യിലും മാത്രമല്ല ടെസ്റ്റിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു. പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിന് നന്ദി പറഞ്ഞ് ശാസ്ത്രി പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

നിലവില്‍ ഇന്ത്യന്‍ ബൗളിങ് നിര ശക്തമാണെങ്കിലും കൂടുതല്‍ ബൗളര്‍മാര്‍ ആവശ്യമാണെന്ന് ശാസ്ത്രി പറയുന്നു. മൂന്നോ, നാലോ മികച്ച ബൗളര്‍മാരെ കൂടി അതിനാല്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ടീമുമായുള്ള പുതിയ കരാര്‍ കഴിയുമ്പോഴേക്കും ഇതിനു സാധിക്കുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആറു പേരുള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് കപില്‍ ദേവിന്റെ കീഴിലുള്ള ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഒരിക്കല്‍ക്കൂടി ചുമതലയേല്‍പ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണ് അദ്ദേഹമുള്ളത്.