ആദ്യം ബാറ്റിംഗ് കിട്ടുമ്പോൾ എന്ത് തങ്ങളുടെ ബാറ്റ്‌സ്മാന്മാർക്ക് ചെയ്യാൻ സാധിക്കും എന്ന ഇന്ത്യൻ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ. 50 ഓവറുകൾ അവസാനിക്കുമ്പോൾ റൺസാണ് ഇന്ത്യക്ക് 356 നേടാനായത്. 112 റൺസ് നേടിയ യുവതാരം ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും ടോസ് ഭാഗ്യം കെട്ടിയ ഇംഗ്ലീഷ് നായകൻ ഇന്ന് എന്തായാലും ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രോഹിത് ശർമ്മയെ (1 ) തുടക്കത്തിലേ നഷ്‌ടമായ ഇന്ത്യക്ക് വേണ്ടി പിന്നെ ക്രീസിൽ ഉറച്ച കോഹ്‌ലി – ഗില് സഖ്യം സ്കോർബോർഡ് ഉയർത്തി. തുടക്കത്തിൽ പതുക്കെ കളിച്ച ഇരുവരും പിന്നെ ട്രാക്ക് മാറ്റി. കോഹ്‌ലി ഏറെ നാളുകൾക്ക് ശേഷം മനോഹര ഇന്നിങ്സിൽ ഒന്ന് കളിച്ചപ്പോൾ ഗിൽ സ്ഥിരത തുടർന്നു. അർദ്ധ സെഞ്ച്വറി പിന്നിട്ട ശേഷം കോഹ്‌ലി (52 ) മടങ്ങി എങ്കിലും പകരമെത്തിയ ശ്രേയസ് അയ്യർ മിന്നുന്ന ഫോം തുടർന്നതോടെ ഇംഗ്ലണ്ടിന് ഉത്തരമില്ലായിരുന്നു.
അതിനിടയിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഗിൽ ഈ പരമ്പര തന്റേതാക്കി മാറ്റി. 112 റൺ എടുത്ത ശേഷമാണ് താരം മടങ്ങിയത്. പിന്നെ എത്തിയ രാഹുൽ അയ്യരുമൊത്ത് മികച്ച ഒരു കൂട്ടുകെട്ട് ചേർത്തു . അർഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും 78 റൺ എടുത്ത അയ്യർ ഇന്നും സ്ഥിരത കാണിച്ചു. രാഹുൽ ( 40 ) ഹാർദിക് ( 17 ) അക്‌സർ ( 13 ) . ഹർഷിത് (13 ) വാഷിംഗ്‌ടൺ (14 ) എന്നിവർ എല്ലാം തങ്ങളുടേതായ സംഭാവന നൽകി മടങ്ങി . ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 4 വിക്കറ്റ് നേടി മികവ് കാണിച്ചപ്പോൾ മാർക്ക് വുഡ് രണ്ടും സഖിബ് മഹമൂദ്, അറ്റ്കിൻസൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജഡേജ, ഷമി, വരുൺ ചക്രവർത്തി തുടങ്ങിയവർക്ക് പകരം വാഷിംഗ്‌ടൺ, കുൽദീപ്, അർശ്ദീപ് എന്നിവർ ടീമിലെത്തി.