RR VS GT: ഞങ്ങൾ പരാജയപ്പെട്ടത് ആ ഒറ്റ കാരണം കൊണ്ടാണ്, ഞാനും ഹെറ്റ്മെയറും നന്നായി ബാറ്റ് ചെയ്തു പക്ഷെ....: സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 58 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാന് വേണ്ടി സഞ്ജുവും, ഷിംറോണും പൊരുതിയെങ്കിലും അവസാനം നിരാശയായിരുന്നു ഫലം. മത്സരം കൈവിട്ട നിമിഷത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

” ഏകദേശം 15-20 റൺസ് ബൗളിങ്ങിൽ കൂടുതൽ ആയിപ്പോയി. മത്സരത്തിൽ വിജയപ്രതീക്ഷ വന്നപ്പോഴൊക്കെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഞാനും ഹെറ്റ്മെയറും ബാറ്റ് ചെയ്തു. അത് തുടർന്നിരുന്നെങ്കിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. പക്ഷേ എന്റെ വിക്കറ്റ് വീണത് മത്സരഫലത്തിൽ നിർണായകമായി”

സഞ്ജു സാംസൺ തുടർന്നു:

“ജോഫ്ര ആർച്ചർ ബൗൾ ചെയ്ത രീതിയും ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് എടുത്തതും ശ്രദ്ധേയമാണ്. പക്ഷേ രാജസ്ഥാൻ റോയൽസ് അവസാന ഓവറുകളിൽ പന്തെറിഞ്ഞ രീതി, അത് ടീം മീറ്റിങ്ങിൽ ചർച്ച ചെയ്യണം. എന്നിട്ട് ശക്തമായി തിരിച്ചുവരണം. അഹമ്മദാബാദിലേത് ശരിക്കും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരുന്നു. പിച്ചിലെ സാഹചര്യങ്ങൾ ബൗളർമാർക്ക് തിരിച്ചടിയായെന്നതും ശരിയാണ്. അതുപോലെ വലിയ സ്കോറുകൾ പിന്തുടർന്ന് വിജയിക്കാനും ടീമിന് കഴിയണം” സഞ്ജു സാംസൺ പറഞ്ഞു.

രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 2 സിക്‌സും, 4 ഫോറും അടക്കം 41 റൺസ് നേടി. കൂടാതെ ഷിംറോൺ ഹെട്മയർ 32 പന്തിൽ 3 സിക്‌സും, 4 ഫോറും ഉൾപ്പടെ 52 റൺസ് നേടി. എന്നാൽ മറ്റു ബാറ്റ്‌സ്മാന്മാരും, ബോളർമാരും മോശമായ പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് രാജസ്ഥാന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.