ബാബര്‍ അസമിന് വേണ്ടി ജീവന്‍ നല്‍കാനും ഞങ്ങള്‍ തയ്യാറാണ്: പിന്തുണ അറിയിച്ച് സഹതാരം

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് മുന്‍ കളിക്കാരില്‍ നിന്ന് നിരവധി വിമര്‍ശനങ്ങള്‍ വരുന്നതിനിടെ ബാബര്‍ അസമിനെ പിന്തുണച്ച് സഹതാരം ഷാന്‍ മസൂദ്. അസാധാരണനായ ഒരു നേതാവാണ് ബാബറെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് തന്റെ ടീമിന്റെ പിന്തുണ ആവശ്യമാണെന്നും ഷാന്‍ മസൂഡ് പറഞ്ഞു.

സര്‍ഫറാസ് അഹമ്മദ് ഞങ്ങളുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ അവന് വേണ്ടി ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ഇപ്പോള്‍ ബാബര്‍ അസമിന് വേണ്ടിയും ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവന്‍ ഒരു അസാധാരണ ക്യാപ്റ്റനാണ്, അദ്ദേഹത്തിന് ടീമിന്റെ പിന്തുണ ആവശ്യമാണ്.

ഒരു ടീം എന്ന നിലയില്‍, ഞങ്ങളുടെ ലക്ഷ്യം രാജ്യത്തിനായി കളിക്കുകയും അത് നേടുന്നതിന് ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ്. ടീമിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ ധാരാളം കാണാറുണ്ട്, പക്ഷേ ഞങ്ങളുടെ പരസ്പര ലക്ഷ്യം നമ്മുടെ രാജ്യത്തിനായി കളിക്കുക എന്നതിനാല്‍ ഞങ്ങള്‍ അവരെ വിഷമിപ്പിക്കുന്നില്ല- മസൂദ് കൂട്ടിച്ചേര്‍ത്തു.

കമ്രാന്‍ അക്മല്‍, ഷോയിബ് അക്തര്‍, ദിനേഷ് കനേരിയ എന്നിവരുള്‍പ്പെടെ നിരവധി മുന്‍ താരങ്ങള്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു നേരത്തെ രംഗത്തുവന്നിരുന്നു. 2022ലെ ഏഷ്യാ കപ്പിന്റെയും 2022ലെ ടി20 ലോകകപ്പിന്റെയും ഫൈനലില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടത് വിമര്‍ശനത്തിന് ആക്കംകൂട്ടിയിരുന്നു.