കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇനി വിമർശിക്കാനില്ലെന്ന് ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി. രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് തന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ലോക്സഭാ പ്രതിപക്ഷനേതാവ് കൂടിയായ രാഹുൽ ഗാന്ധിയ്ക്കെതിരെ നിരന്തരം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്ന സ്‌മൃതി ഇറാനി കുറച്ചുകാലമായി അതിന് മുതിരാറില്ല. തന്നോട് ഏറ്റുമുട്ടാൻ 2024 ൽ ഗാന്ധി കുടുംബം വിസമ്മതിച്ചതായും പോരാട്ടമുഖത്തേക്ക് അവരിറങ്ങുന്നില്ലെങ്കിൽ പിന്നെ താനെന്തിന് അവരുടെ പിന്നാലെ പോകണമെന്നുമാണ് സ്‌മൃതി ഇറാനി പറഞ്ഞത്.
‘മത്സരരംഗത്തേക്ക് അവരിറങ്ങുന്നില്ല. അപ്പോൾപ്പിന്നെ ഞാനെന്താണ് പറയേണ്ടത്? എനിക്കവരുടെ പിന്നാലെ പോകാനാകില്ലല്ലോ’- സ്‌മൃതി ഇറാനി പറഞ്ഞു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ദീർഘകാലം മത്സരിച്ച അമേഠിയിൽനിന്ന് 2024ലെ തിരഞ്ഞെടുപ്പിൽ രാഹുൽ മാറി റായ്ബറേലിൽ നിന്ന് മത്സരിച്ചാണ് ജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌മൃതിയുടെ പ്രതികരണം.