'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കാത്തതിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതെന്നും രവീന്ദ്രൻ പറഞ്ഞു. മോഹൻലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ല. ആരോപണ വിധേയർ മത്സരിക്കരുതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. എഷ്യാനെറ്റ് ന്യൂസിനോടാണ് നടൻ പ്രതികരിച്ചത്.

“മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് അദ്ദേഹം പഴി കേൾക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം. അത് പിന്നീട് മാധ്യമങ്ങളുൾപ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടെന്നും” രവീന്ദ്രൻ പറഞ്ഞു.

Read more

അതേസമയം മോഹൻലാൽ തുടരില്ലെന്ന് നിലപാട് എടുത്തതോടെ ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുളളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.