'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേത മേനോനും? അംഗങ്ങളിൽ നിന്ന് പിന്തുണ തേടിയെന്ന് റിപ്പോർട്ട്

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജ​ഗദീഷും ശ്വേത മേനോനും നാമനിർദേശ പത്രിക സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ഇതിനായി ഇരുവരും സംഘടനയിലെ അംഗങ്ങളോട് പിന്തുണ തേടിയതായും വിവരമുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനുമാണ് പത്രിക നൽകിയത്. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചെത്തില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നാമനിർദേശ പത്രിക വാങ്ങിയവരിൽ മോഹൻലാൽ ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു.

Read more

കഴിഞ്ഞമാസം നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമർപ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂർത്തിയാകുമ്പോൾ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.