സ്മാർട്ട് ഫോൺ ഉപയോ​ഗം നിർത്തിയിട്ട് ഒരു വർഷം, രണ്ട് വർഷം കഴിഞ്ഞാൽ എന്നെ കിട്ടണമെങ്കിൽ ഇ-മെയിൽ മാത്രം, തുറന്നുപറഞ്ഞ് ഫഹദ് ഫാസിൽ

മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിലൊന്നും അത്ര ആക്ടീവല്ലാത്ത താരമാണ് ഫഹദ് ഫാസിൽ. സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ലെന്നും കീപാഡ് ഫോൺ മാത്രമാണ് കയ്യിലുളളതെന്നും നടൻ മുൻപേ തുറന്നുപറഞ്ഞിട്ടുളളതാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഭാര്യ നസ്രിയയാണ് നോക്കാറുളളതെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രണ്ട് വർഷം കഴിഞ്ഞാൽ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാൻ സാധിക്കൂവെന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും പറയുകയാണ് ഫഹദ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.

കഴിഞ്ഞ ഒരു വർഷമായി താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്ന് ഫഹദ് പറയുന്നു. ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണമെന്നാണ്. വാട്ട്സ്ആപ്പും ഉപയോ​ഗിക്കാറില്ല. എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല താൻ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്’, ഫഹദ് അഭിമുഖത്തിൽ പറഞ്ഞു.

Read more

അതേസമയം വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും നടൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നിന്നും പുതിയ ട്രെൻഡുകളിൽ നിന്നും അകൽച്ച പാലിച്ചാൽ പുതിയ ജെൻസീ തലമുറയ്ക്ക് താൻ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താൻ എന്ന് മോശം സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ മാത്രമാവും ഞാൻ അവർക്ക് അന്യനാകുക, നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ല എന്നും ഫഹദ് വ്യക്തമാക്കി.