'സഞ്ജു സാംസന്റെ പ്രകടനം നിരാശപ്പെടുത്തുന്നത്'; തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ താരം

ശ്രീലങ്കയ്‌ക്കെതിരായ സഞ്ജു സാംസണിന്റെ പ്രകടനം ഏറെ നിരാശ സമ്മാനിക്കുന്നതാണെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. സഞ്ജു അവസരങ്ങല്‍ മുതലാക്കുന്നില്ലെന്നും തനിക്ക് അതോര്‍ത്ത് ഏറെ നിരാശയുണ്ടെന്നും ജാഫര്‍ പറഞ്ഞു.

‘അദ്ദേഹം അവസരങ്ങള്‍ മുതലെടുക്കുന്നില്ല. ശനി, ഞായര്‍ ദിവസങ്ങളിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങള്‍ സഞ്ജുവിനു മികച്ചൊരു അവസരമായിരുന്നു. വിക്കറ്റ് കീപ്പിംഗിലെ മൂന്നാമതൊരു ഓപ്ഷനായും ബാറ്ററായും അവകാശവാദം ഉന്നയിക്കാമായിരുന്നു.’

‘തനിക്ക് എന്തൊക്കെ സാധിക്കുമെന്നതിന്റെ സൂചന നല്‍കാന്‍ സഞ്ജുവിനു കഴിഞ്ഞു. പക്ഷേ അവസരം മുതലെടുക്കാനായില്ല. എനിക്കു വളരെ സങ്കടം തോന്നുന്നു, കാരണം ടി20യില്‍ സഞ്ജുവിന് അത്രയേറെ കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നു’ വസീം ജാഫര്‍ പറഞ്ഞു.

Read more

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജു ടീമിലുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം ടി20യില്‍ കിട്ടിയ അവസരം മുതലാക്കിയ താരം 25 പന്തില്‍ 39 റണ്‍സെടുത്തു. മൂന്നാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 12 പന്തില്‍ 18 റണ്‍സ് മാത്രമാണു നേടിയത്.