സച്ചിനെയും പോണ്ടിംഗിനെയും പിന്തള്ളി കോഹ്‌ലി; ബംഗ്ലാദേശില്‍ ഇതാദ്യം!

ബംഗ്ലാദേശില്‍ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനമാണ് കോഹ്‌ലിയെ ഈ നേട്ടത്തിലെത്തിച്ചത്.

18 മല്‍സരങ്ങളിലാണ് കോഹ്‌ലി ബംഗ്ലാദേശില്‍ കളിച്ചത്. 75 പ്ലസ് ശരാശരിയിലാണ് 1000ത്തിനു മുകളില്‍ റണ്‍സ് കോഹ്‌ലി ഇവിടെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. അഞ്ചു സെഞ്ച്വറികളും നാലു അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ബംഗ്ലാദേശില്‍ ഈ നേട്ടം മറ്റൊരു താരത്തിനുമില്ല.

ബംഗ്ലാദേശില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്നതിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറുടെ വമ്പന്‍ റെക്കോര്‍ഡും കോഹ്‌ലി മറികടന്നു. ബംഗ്ലാദേശിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. നേരത്തേ 1316 റണ്‍സോടെ സച്ചിനായിരുന്നു ഈ നേട്ടത്തിലൊന്നാമന്‍.

ഏകദിനത്തിലെ 44ാമത്തെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 72ാമത്തെയും സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ഇതോടെ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനെയും കോഹ്ലി മറികടന്നു. പോണ്ടിംഗിന് 71 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഉണ്ടായിരുന്നത്.

Read more

ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ 91 ബോളുകള്‍ നേരിട്ട കോഹ്‌ലി രണ്ട് സിക്‌സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടി. 131 ബോളില്‍ 10 സിക്‌സും 24 ഫോറും സഹിതം താരം 210 റണ്‍സെടുത്തു. ഇരുവരുടെയും പ്രകടന കരുത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു.