വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ്. വിഡി സതീശന്‍ മുന്നണി മര്യാദ കാണിച്ചില്ലെന്നും സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്നും ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പിവി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും യോഗം വിലയിരുത്തി. സതീശനും അന്‍വറുമാണ് പ്രശ്‌നങ്ങള്‍ നീളാന്‍ കാരണം. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ലുണ്ടായിരുന്ന വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. 2026ലെ തിരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാല്‍ അതാരും ഓര്‍ത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.

കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. നിലവിലെ വിഷയങ്ങള്‍ ഗൗരവകരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിന് ഇനി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെ, അപ്പോള്‍ ബാക്കി നോക്കാമെന്നും വിമര്‍ശനമുയര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഇതിനിടയിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. നാളെയായിരിക്കും അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക. അദ്ദേഹത്തിന് പാര്‍ട്ടി ചിഹ്നവും തൃണമൂല്‍ അനുവദിച്ചിട്ടുണ്ട്.