രോഹിത്തിനെയും കോഹ്‌ലിയെയും കൊണ്ട് ലോക കപ്പ് നേടാനാവില്ല; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഇതിഹാസം

വരുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യ പടയൊരുക്കം ശക്തമാക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവനയുമായി ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നവരെ വെച്ച് ലോകകപ്പ് നേടാമെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അതൊരിക്കലും സാധ്യമാകില്ലെന്ന് കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യ ലോകകപ്പ് കിരീടം നേടണമെങ്കില്‍ ടീം മാനേജ്മെന്റ് ശക്തമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായുണ്ട്. വ്യക്തിഗത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ടീമെന്ന നിലയില്‍ മുന്നോട്ട് പോകേണ്ടതായുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ രണ്ട് താരങ്ങളെ വെച്ച് ലോകകപ്പ് നേടാമെന്നാണ് കരുതുന്നതെങ്കില്‍ അതൊരിക്കലും സാധ്യമാകില്ല.

സ്വന്തം ടീമില്‍ വിശ്വാസം വേണം. ഇന്ത്യക്ക് അത്തരമൊരു ടീമുണ്ടോ? മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ടോ? തീര്‍ച്ചയായുമുണ്ട്. ലോകകപ്പ് നേടിത്തരാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യക്കൊപ്പമുണ്ട്. എല്ലാ ടീമിന്റെയും നെടുന്തൂണുകളെന്ന് പറയാന്‍ ചില താരങ്ങളുണ്ടാവും. ആ ടീം വളരുന്നത് അവരെ ചുറ്റിപ്പറ്റിയാവും.

എന്നാല്‍ ഇത് മാറണം. 5-6 താരങ്ങളെയെങ്കിലും നെടുന്തൂണുകളാക്കിയാവണം ടീം വളരേണ്ടത്. കാരണം ഇനിയും കോഹ്‌ലിയേയും രോഹിത്തിനേയും ഇന്ത്യക്ക് ആശ്രയിക്കാനാവില്ല. എല്ലാ താരങ്ങളും തങ്ങളുടേതായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതായുണ്ട്. യുവതാരങ്ങള്‍ മുന്നോട്ട് ഉയര്‍ന്നുവരേണ്ടതായുണ്ട്. ഇത് അവരുടെ സമയമാണ്- കപില്‍ ദേവ് പറഞ്ഞു.