ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിക്കാനാകുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നെന്ന് വിരാട് കോഹ്‌ലി. ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ശക്തമായി മുന്നേറിയതോടെ, മെന്‍ ഇന്‍ ബ്ലൂവിന്റെ കൈകളില്‍ നിന്ന് ഗെയിം ഏറെക്കുറെ കൈവഴുതിയിരുന്നു. ഒരു ഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് പ്രോട്ടീസിന് മതിയായിരുന്നെങ്കിലും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമല്ല റണ്ണൊഴുക്ക് തടയുകയും ചെയ്തു.
മത്സരത്തില്‍ 7 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തി. നേരത്തെ 76 റണ്‍സ് നേടിയ വിരാട് 20 ഓവറില്‍ ടീമിന്റെ സ്‌കോര്‍ 176ല്‍ എത്തിച്ചു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് കോഹ്ലി പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ചത്.
ഗൗരവ് കപൂറിനോട് സംസാരിക്കവെയാണ് കോഹ്ലി ടീം ഇന്ത്യയുടെ വിജയത്തിലേക്ക് വെളിച്ചം വീശിയത്. ”ഞങ്ങളുടെ വിജയത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലായിരുന്നു. ഇത് ഒരിക്കല്‍ കൂടി കൈവിട്ടുപോകുമെന്ന് ഞാന്‍ കരുതി. ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിന് ബോളര്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കണം. അവര്‍ ഞങ്ങളെ തിരിച്ചുകൊണ്ടുവരിക മാത്രമല്ല, മത്സരം ജയിക്കുകയും ചെയ്തു.
”വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. കളത്തിലിറങ്ങുമ്പോള്‍ ട്രോഫി നേടുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ലക്ഷ്യം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്,” കോഹ്‌ലി പറഞ്ഞു.