ഏകദിന ഡബിള്‍ സെഞ്ച്വറിയുമായി സഞ്ജു, മലയാളി ബാറ്റിംഗ് വിസ്‌ഫോടനത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം, കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. വിജയ് ഹസാര ട്രോഫിയില്‍ ബാറ്റിംഗ് വിസ്‌ഫോടനം നടത്തിയാണ് ഗോവയ്ക്കെതിരെ സഞ്ജു ഡബിള്‍ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചത്. സഞ്ജുവിന് പിന്നാലെ മറ്റൊരു കേരള താരം സച്ചിന്‍ ബേബിയും സെഞ്ച്വറി സ്വന്തമാക്കി.

ഇരുവരുടേയും ബാറ്റിംഗ് മികവില്‍ കേരളം ഗോവയ്‌ക്കെതിരെ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്.

129 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതം പുറത്താകാതെ 212 റണ്‍സ് സഞ്ജു എടുത്തിട്ടുണ്ട്. 163  സട്രൈക്ക് റൈറ്റിലായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു നേടിയത്.

സച്ചിന്‍ ബേബി 127 റണ്‍സെടുത്ത് പുറത്തായി. 135 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതമാണ് സച്ചിന്‍ ബേബിയുടെ പ്രകടനം. ഇരുവരും മൂന്നാം വിക്കറ്റില്‍ 338 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

അതെസമയം കേരളത്തിനായി റോബിന്‍ ഉത്തപ്പ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഓപ്പണറായി ഇറങ്ങിയ ഉത്തപ്പ 10 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിഷ്ണു വിനോദ് ഏഴ് റണ്‍സും സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ കളിച്ച കേരളത്തിനു രണ്ടെണ്ണത്തിലാണ് ജയിക്കാനായത്. ഹൈദരാബാദ്, ഛത്തീസ്ഗഡ് എന്നിവര്‍ക്കെതിരേയായിരുന്നു കേരളത്തിന്റെ വിജയം.