കേരളം വീണു; രഞ്ജിയിലെ പടയോട്ടം അവസാനിച്ചു

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് കൂറ്റന്‍ തോല്‍വി. 412 റണ്‍സിനാണ് കേരളം വിദര്‍ഭയോട് തോറ്റത്. ഇതോടെ രഞ്ജിയിലെ അവിസ്മരണീയ പടയോട്ടത്തിന് കേരളം വിരാമം കുറിച്ചു.

571 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത കേരളം കേവലം 165 റണ്‍സിന് പുറത്താകുകയായിരുന്നു. സമനിലക്കായി കളിക്കാതെ വിജയം സ്വന്തമാക്കാന്‍ കേരള ടീം നടത്തിയ സാഹസിക പരീക്ഷണമാണ് എങ്ങുമെത്താതെ 165 റണ്‍സില്‍ കലാശിച്ചത്.

കേരള നിരയില്‍ 64 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ മാത്രമാണ് തിളങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), സഞ്ജു സാംസണ്‍ (18) സച്ചിന്‍ ബേബി (26), രോഹണ്‍ പ്രേം (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

ആറ് വിക്കറ്റ് വീഴ്ത്തിയ സര്‍വത്തെയാണ് വിദര്‍ഭയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. 41 റണ്‍സ് വഴങ്ങിയയാണ് വിദര്‍ഭന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഗുര്‍ഭാണി രണ്ടും കരണ്‍ ശര്‍മ്മയും വക്കാരെയും ഒരോവിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫസല്‍, എ.വി വാംഖഡെ, അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കിയ വസീം ജാഫര്‍, ഗണേഷ് സതീഷ്, വാഡ്കര്‍ എന്നിവരാണ് വിദര്‍ഭയെ രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി അക്ഷയ് കെ. സി നാലും ജലജ് സക്സേന മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

സെമി ഫൈനലിലേക്ക് കടക്കണമെങ്കില്‍ വിജയം അനിവാര്യമായ കേരളത്തിന്റെ ഈ സീസണ്‍ രഞ്ജി പ്രതീക്ഷകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിവസം 576 റണ്‍സ് നേടുക എന്നത് അസാധ്യമായ കാര്യമാണ്.

നേരത്തെ വിദര്‍ഭയെ ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്താക്കിയ കേരളത്തിന് എളുപ്പത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാമായിരുന്നെങ്കിലും നിരുത്തരവാദപരമായി ബാറ്റ് വീശിയ കേരളാ താരങ്ങള്‍ ആ അവസരം കളഞ്ഞു കുളിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ മത്സരത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞേനേ