ലോക കപ്പ് സന്നാഹം: ഓസ്‌ട്രേലിയയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ യുവനിര

അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ജയം തുടര്‍ന്ന് ഇന്ത്യ. ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവെച്ച 269 വിജയലക്ഷ്യം 15 പന്ത് ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഇന്ത്യക്കായി ഓപ്പണര്‍ ഹര്‍ണൂര്‍ സിംഗ് (100) സെഞ്ച്വറി നേടി. 108 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സെഞ്ച്വറി പ്രകടനം. സെഞ്ച്വറിക്ക് പിന്നാലെ അദ്ദേഹം റിട്ടേര്‍ഡ് ഹര്‍ട്ടായി. ഓപ്പണര്‍ അംഗ്കൃഷ് രഘുവന്‍ഷി 46 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്തായി.

മൂന്നാമനായി ക്രീസിലെത്തിയ ഷെയ്ക് റഷീദ് 74 പന്തില്‍ 72 റണ്‍സുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. ആറ് ഫോറും ഒരു സിക്സുമാണ് റഷീദ് നേടിയത്. നായകന്‍ യാഷ് ധുല്‍ 47 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാനയും (2*) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്ട്രേലിയക്ക് 268 റണ്‍സാണ് നേടാനായത്. ഓസ്ട്രേലിയക്കായി നായകന്‍ കൂപ്പര്‍ കൊണോലി (117) സെഞ്ച്വറി നേടി. തോബിയാസ് സ്നെല്‍ (35),എയ്ഡന്‍ കഹില്‍ (27) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി രവി കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. രാജ്വര്‍ദ്ധന്‍ ഹന്‍ഗര്‍ജീക്കര്‍ മൂന്ന് വിക്കറ്റും രാജ് ബാവ, കൗശല്‍ താംബെ, നിശാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.