ഇന്ന് 125 സ്ട്രൈക്ക് റേറ്റിൽ ആ ബാറ്റർ പുറത്താകാതെ കളിക്കേണ്ടത് വളരെ പ്രധാനമാണ്, അങ്ങനെ സംഭവിച്ചാൽ പിന്നെ അവന്റെ താണ്ഡവം കാണാം; ഇന്ത്യൻ താരത്തെക്കുറിച്ച് റോബിൻ ഉത്തപ്പ

ഓസ്‌ട്രേലിയക്കെതിരായ 2024 ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ വിരാട് കോഹ്‌ലി കൂറ്റൻ സ്‌കോർ നേടുന്നത് ടീം ഇന്ത്യയ്ക്ക് നിർണായകമാകുമെന്ന് റോബിൻ ഉത്തപ്പ പറഞ്ഞു. നോക്കൗട്ട് മത്സരങ്ങൾക്ക് മുമ്പ് എയ്‌സ് ബാറ്റർ അർദ്ധ സെഞ്ച്വറി നേടുന്നത് കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

സ്‌ട്രൈക്ക് റേറ്റ് പരിഗണിക്കാതെ കോഹ്‌ലി 60-ഓളം റൺസുമായി പുറത്താകാതെ നിൽക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഉത്തപ്പ പറഞ്ഞു. സെമി ഫൈനലിൽ സീനിയർ ബാറ്റർ തിളങ്ങേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു സംസാരിച്ചത് ഇങ്ങനെ:

“കോഹ്‌ലി ഇന്ന് റൺ നേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ടൂർണമെൻ്റിൻ്റെ മുഴുവൻ വീക്ഷണകോണും നോക്കുമ്പോൾ. എനിക്ക് കോഹ്‌ലി 65-70 വരെ റൺ പുറത്താകാതെ നേടുന്നത് കാണണം. ഇന്നത്തെ കോഹ്‌ലിയുടെ ഇന്നിങ്സിൽ സ്ട്രൈക്ക് റേറ്റ് ഒന്നും ഞാൻ നോക്കുന്നില്ല. കാരണം ഇന്നത്തെ ഇന്നിങ്സിൽ മികച്ച ഒരു സ്കോർ നേടാൻ അവനു സാധിച്ചാൽ പിന്നെ അവനെ പിടിച്ചുകെട്ടാൻ ആർക്കും പറ്റില്ല എന്നതാണ് സത്യം.”

1,4, 0 എന്നീ സ്‌കോറുകൾ രേഖപ്പെടുത്തി 2024 ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യമൊക്കെ വിരാട് കോഹ്‌ലി പാടുപെട്ടു. അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 റൗണ്ടിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ അദ്ദേഹം ഒരു റൺ-എ-ബോളിൽ 24 റൺസ് നേടി. ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 28 പന്തിൽ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 37 റൺസ് നേടി ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിച്ചു.