''ഈ പിച്ച് ഒരുതരത്തിലും ടി20 ക്രിക്കറ്റിന് യോജിച്ചതല്ല, ബാറ്റര്‍മാര്‍ നക്ഷത്രം എണ്ണുകയാണ്..!''

ഗ്രീന്‍ഫീല്‍ഡിലെത്തിയ സൂര്യകുമാര്‍ യാദവിനെ എതിരേറ്റത് നോര്‍ക്കിയയുടെ തീയുണ്ടയാണ്. സൂര്യയുടെ ബാറ്റിന്റെ ഹാന്‍ഡില്‍ ലക്ഷ്യമിട്ട് കുതിച്ചുചാടിയൊരു ഡെലിവെറി! രവി ശാസ്ത്രി പറഞ്ഞു-”ഈ പിച്ച് ഒരുതരത്തിലും ടി-20 ക്രിക്കറ്റിന് യോജിച്ചതല്ല. ബാറ്റര്‍മാര്‍ നക്ഷത്രമെണ്ണുകയാണ്..!”

തൊട്ടുപിന്നാലെ നോര്‍ക്കിയ സൂര്യയുടെ ബാറ്റിന്റെ ടോപ് എഡ്ജ് കണ്ടെത്തി. സിക്‌സര്‍ വഴങ്ങേണ്ടിവന്നുവെങ്കിലും നോര്‍ക്കിയയെ സംബന്ധിച്ചിടത്തോളം അതൊരു മോറല്‍ വിക്ടറി ആയിരുന്നു. മറ്റേയറ്റത്ത് കെ.എല്‍ രാഹുല്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. പേസും ബൗണ്‍സും വിരാട് കോഹ്ലിയുടെ വിക്കറ്റ് അപഹരിച്ചിരുന്നു. പ്രോട്ടിയാസ് കലിതുള്ളി നില്‍ക്കുന്ന സമയം.

നോര്‍ക്കിയയുടെ അടുത്ത പന്തില്‍ സൂര്യ ഫൈന്‍ലെഗ്ഗിനുമുകളിലൂടെ സിക്‌സര്‍ കണ്ടെത്തുകയാണ്! തത്കാലം ടി-20 ക്രിക്കറ്റിന് ഒരേയൊരു രാജാവേയുള്ളൂ എന്ന് വിളിച്ചുപറയുകയായിരുന്നു സൂര്യ! രാഹുലിന്റെ മേല്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദം കൂടിയാണ് സൂര്യ എടുത്തുകളഞ്ഞത്. അതുകണ്ടപ്പോള്‍ ഏഷ്യാകപ്പിലെ ഇന്ത്യ-ഹോങ്കോങ് മത്സരം ഓര്‍മ്മവന്നു.

ചൈനമന്‍ സ്പിന്നറെ കൊണ്ടുവന്നാല്‍ സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന സൂക്ഷ്മതയോടെ സൂര്യ ഗ്യാപ് കണ്ടെത്തും. ലെഫ്റ്റ് ആം സ്പിന്നറെ ആക്രമണത്തിന് നിയോഗിച്ചാല്‍ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കും. പ്രീമിയം ബോളറായ റബാഡയെ മടക്കിവിളിച്ചാല്‍ കോപ്പിബുക്ക് കവര്‍ഡ്രൈവ് പായിക്കും..!

മത്സരശേഷം രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു- ”പിച്ചിലെ പുല്ല് കണ്ടപ്പോള്‍ ഞങ്ങള്‍ ചിലതെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ മുഴുവന്‍ ഓവറുകളും ബാറ്റിങ്ങിന് പ്രയാസകരമാവും എന്ന് വിചാരിച്ചില്ല..!” സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഗെയിമിനെ ഉയര്‍ത്തുന്ന ചാമ്പ്യനാണ് സൂര്യ.!