സഞ്ജുവിന്റെ ടീം ഐ.പി.എല്‍ കളിക്കാന്‍ തിരുവനന്തപുരത്തേയ്ക്ക്, സന്തോഷവാര്‍ത്ത

ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കേരളത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സാണ് തങ്ങളുടെ വേദി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാജസ്ഥാനെ കൂടാതെ തിരുവനന്തപുരത്ത് കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉള്‍പ്പെടെ ചില ക്ലബുകള്‍ രണ്ടാം വേദിയായി ഗ്രീന്‍ഫീല്‍ഡില്‍ ചില മത്സരങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ ഗുവാഹത്തി സ്റ്റേഡിയവും രാജസ്ഥാന്റെ പരിഗണനയിലുണ്ട്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ മികച്ചതാണെന്നാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍. കേരളത്തിലെ ആരാധകരുടെ കടുത്ത ക്രിക്കറ്റ് പ്രേമവും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന രാജ്യാന്തര മത്സരങ്ങള്‍ക്ക് ലഭിച്ച പിന്തുണയും തിരുവനന്തപുരത്തിനു ഗുണമാകും.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ടീമിലെ സുപ്രധാന താരമായ സഞ്ജു സാംസണിന്റെ ഹോം ഗ്രൗണ്ടാണ് എന്നതും മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ടീം ആസ്ഥാനം രാജസ്ഥാനില്‍ നിന്ന് മാറ്റുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്പൂരില്‍ തുടര്‍ച്ചയായി ക്ലബിന് കയ്‌പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വരികയാണെന്നും ഭരണകൂടം തങ്ങളെ പല തരത്തിലും ദ്രോഹിക്കുകയാണെന്നും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് പറയുന്നു. നേരത്തെ, തങ്ങളുടെ ഏഴ് ഹോം മത്സരങ്ങളില്‍ ചിലത് ഗുവാഹത്തിയില്‍ കളിക്കാമെന്ന് മാനേജമെന്റ് തീരുമാനിച്ചിരുന്നു.

മാര്‍ച്ച് 29 മുതലാണ് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിയ്ക്കുക. മെയ് 24-ന് മുംബൈയില്‍ വെച്ച് ഫൈനല്‍ മത്സരം നടക്കും. നാലു മണിക്കും എട്ടു മണിക്കുമാണ് മത്സരങ്ങള്‍ നടക്കുക.