കാര്യങ്ങൾ അത്ര സേഫ് അല്ല, ഇനി മുതൽ ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; നടപടികൾ വളരെ വേഗത്തിൽ

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിന്റെ ഇടയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടർ സൗരവ് ഗാംഗുലിയുടെ സുരക്ഷ Z കാറ്റഗറിയിലേക്ക് അപ്‌ഗ്രേഡുചെയ്‌തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ബിസിസിഐയുടെ മുൻ പ്രസിഡന്റുമായ ഗാംഗുലിക്ക് ഇനി ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിരിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഗാംഗുലിയുടെ വൈ കാറ്റഗറി സുരക്ഷാ കാലാവധി അവസാനിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് പശ്ചിമ ബംഗാൾ സർക്കാർ ഈ മാറ്റം വരുത്തിയത്.

“വിവിഐപിയുടെ സുരക്ഷാ കവർ കാലഹരണപ്പെട്ടതിനാൽ, പ്രോട്ടോക്കോൾ അനുസരിച്ച് ഒരു അവലോകനം നടത്തി ഗാംഗുലിയുടെ സുരക്ഷാ വലയം Z വിഭാഗത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു,” ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ സുരക്ഷാ പദ്ധതി പ്രകാരം മുൻ ക്രിക്കറ്റ് താരത്തിന് 8 മുതൽ 10 വരെ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉണ്ടായിരിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഗാംഗുലിയെ പോലെ ഒരു ഇതിഹാസ താരത്തിന് അദ്ദേഹത്തിന്റെ കരിയറിനിടയിൽ പല ഭീക്ഷണികളും നേരിടേണ്ടതായി വന്നിട്ടുണ്ട്. അദ്ദേഹത്തെ രാഷ്ട്രീയപരമായി നേരിടുന്നവർ വരെ ഉള്ളതിനാലാകണം സർക്കാർ ഇത്തരത്തിൽ ഉള്ള നിലപാട് വളരെ വേഗം സ്വീകരിച്ചത്.

നിലവിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് എത്താതെ പുറത്തായി കഴിഞ്ഞതിനാൽ തന്നെ ഇനി ഗാംഗുലി അടക്കമുള്ളവരുടെ ഭാവി എന്താകുമെന്നത് കണ്ടറിയണം.