ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരത്തിന്‍റെ മരണം ആത്മഹത്യ?, നാലാം നിലയില്‍നിന്നും ചാടി, വിടവാങ്ങിയത് 157.8 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഓസീസിനെ വിറപ്പിച്ച പേസര്‍

ഇന്ത്യന്‍ മുന്‍ കര്‍ണാടക ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണിന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍. ഡേവിഡ് നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പബ്ലിക് വേള്‍ഡ് പറയുന്നതനുസരിച്ച് അദ്ദേഹം വിഷാദരോഗത്തോട് പോരാടുകയായിരുന്നു. താരത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.

ജോണ്‍സണ്‍ ഇന്ത്യക്കായി രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിന്റെ അവസരങ്ങള്‍ പരിമിതപ്പെടുത്തി. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം കര്‍ണാടകയ്ക്കൊപ്പം മികച്ച പ്രകടനം നടത്തി.

1996ലെ ഓസ്‌ട്രേലിയന്‍ പരമ്പരയിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അരങ്ങേറിയത്. രണ്ട് ടെസ്റ്റുകളില്‍ നിന്ന് 3 വിക്കറ്റ് നേടിയിട്ടുണ്ട്. ഓസീസിനെതിരേ മണിക്കൂറില്‍ 157.8 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞത് അന്ന് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പട്ടു. കര്‍ണാടകയ്ക്കായി 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചു.

90 കളില്‍ കര്‍ണാടക ആധിപത്യം നിലനിര്‍ത്തിയിരുന്ന കാലത്ത് ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ് എന്നിവര്‍ക്കൊപ്പം ജോണ്‍സണും ടീമിലുണ്ടായിരുന്നു.