‘ക്രിക്കറ്റില്‍ സജീവമായിരുന്നില്ലെങ്കില്‍ മൊയിന്‍ അലി ഐ.എസില്‍ ചേരുമായിരുന്നു’

Advertisement

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയ്‌ക്കെതിരായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റില്‍ സജീവമായിരുന്നില്ലെങ്കില്‍ മൊയിന്‍ അലി ഭീകര സംഘടനയായ ഐ.എസില്‍ ചേരുമായിരുന്നെന്ന തസ്ലീമയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന മൊയിന്‍ ടീം കുപ്പായത്തിലെ മദ്യത്തിന്റെ ലോഗോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് തസ്ലീമയുടെ അതിരുകടന്ന വിമര്‍ശനം. മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലീമ ട്വീറ്റില്‍ കുറിച്ചത്. ഇത് വിവാദമായതോടെ മറ്റൊരു ട്വീറ്റുമായും തസ്ലീമ രംഗത്ത് വന്നു.

‘മൊയിന്‍ അലിയെ കുറിച്ചുള്ള ട്വീറ്റ് ഹാസ്യരൂപേണ ആയിരുന്നതായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാം. എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് അവരിപ്പോള്‍ അതൊരു വിഷയമായി ഉയര്‍ത്തുന്നത്. കാരണം ഞാന്‍ ഇസ്ലാമിക് മതാന്ധതയെ വിമര്‍ശിക്കുന്നു,’ തസ്ലീമ രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.

തസ്ലീമയുടെ ട്വിറ്റിനെതിരെ ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍ ബെന്‍ ഡക്കറ്റ്, സാം ബില്ലിംഗ്‌സ്, മുന്‍താരം റ്യാന്‍ സൈഡ്‌ബോട്ടം എന്നിവര്‍ രംഗത്തെത്തി. ഇംഗ്ലീഷ് താരങ്ങളുടെ വിമര്‍ശനത്തിന് പിന്നാലെ തസ്ലീമയുടെ ട്വീറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.