ടി20 ലോകകപ്പ് ഷെഡ്യൂള്‍: ഐസിസിക്കും ഇന്ത്യന്‍ ടീമിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പാകിസ്ഥാന്‍ ആരാധകര്‍

ഈവര്‍ഷം വിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് (എ ഗ്രൂപ്പ്). ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ക്ക് പുറമേ അയര്‍ലന്‍ഡ്, കാനഡ, യു.എസ്.എ. എന്നീ രാജ്യങ്ങളും എ ഗ്രൂപ്പില്‍ത്തന്നെയാണ്.

ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസന്‍ഹവര്‍ പാര്‍ക്കിലാണ് പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. ജൂണ്‍ 5 ന് ന്യൂയോര്‍ക്കില്‍ ഐറിഷ് ടീമിനെ നേരിട്ട് ഇന്ത്യ പ്രചാരണത്തിന് തുടക്കമിടും. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ജൂണ്‍ 12 ന് ന്യൂയോര്‍ക്കില്‍ വെച്ച് ഇന്ത്യ യുഎസുമായി ഏറ്റുമുട്ടും. ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാനഡയെ നേരിടാന്‍ ഇന്ത്യ ഫ്ലോറിഡയിലേക്ക് പോകും.

20 ടീമുകളാണ് ലോകകപ്പിനുള്ളത്. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് ബി.യിലാണ് വരുന്നത്. നമീബിയ, സ്‌കോട്ട്ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളും ബി. ഗ്രൂപ്പിലാണ്.

വെസ്റ്റിന്‍ഡീസ്, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകള്‍ സി. ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, നേപ്പാള്‍ ടീമുകള്‍ ഡി. ഗ്രൂപ്പിലുമാണ്. നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് പൂളുകളായി തിരിക്കും. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമങ്ങള്‍.

View this post on Instagram

A post shared by ICC (@icc)

ഷെഡ്യൂള്‍ പുറത്തായതിന് പിന്നാലെ ഐസിസിക്കും ഇന്ത്യന്‍ ടീമിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. ഇന്ത്യക്ക് ഗ്രൂപ്പുഘട്ടത്തില്‍ ഒരു വേദിയില്‍ മൂന്ന് മത്സരം നല്‍കിയതാണ് പാക് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ഇത് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കി നല്‍കുന്നതിന്റെ ഭാഗമായുള്ള നീക്കമാണെന്നാണ് പാക് ആരാധകര്‍ ആരോപിക്കുന്നത്. ജൂണ്‍ നാലു മുതല്‍ 30 വരെയാണ് ടി20 ലോകകപ്പ്.