ടീം ഇന്ത്യയിലേക്ക് അത്ഭുത സ്പിന്നര്‍ക്കായി മുറവിളി, കാത്തിരിക്കുകയാണെന്ന് ഹര്‍ഭജന്‍

കൗമാര ലോക കപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടംനേടിയ സ്പിന്‍ ബൗളറാണ് രവി ബിഷ്നോയി. ഇതോടെ ടീം ഇന്ത്യയിലേക്ക് രവി ബിഷ്നോയിയെ പരിഗണിക്കണം എന്ന മുറവിളി ശക്തമാണ്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.

“ബിഷ്നോയിയെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. സമയം മുന്‍പോട്ടു പോവുമ്പോള്‍ എങ്ങനെയാണോ വളരുന്നത് അതുപോലെ അവന്‍ വളരുന്നത് കാണാനാണ് എനിക്കാഗ്രഹം. ഇപ്പോള്‍ ബിഷ്നോയ് നന്നായി കളിച്ചു. ഇനി ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും എങ്ങനെയാണ് കളിക്കുന്നത് എന്നാണ് നോക്കേണ്ടത്. അവിടെ സ്ഥിരത കാണിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് എന്തായാലും വിളിയെത്തും. അതിനായി കാത്തിരിക്കുന്നു” ഹര്‍ഭജന്‍ പറഞ്ഞു.

ഗൂഗ്ലിയേക്കാള്‍ കൂടുതല്‍ ബിഷ്നോയ് ലെഗ് സ്പിന്‍ എറിയുന്നത് കാണാനാണ് തനിക്കാഗ്രഹമെന്നും ഇത്രയും സ്പിന്നര്‍മാര്‍ നമുക്ക് മുമ്പിലുള്ളത് സന്തോഷം നല്‍കുന്നതായും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

17 വിക്കറ്റാണ് ബിഷ്നോയ് അണ്ടര്‍ 19 ലോക കപ്പില്‍ വീഴ്ത്തിയത്. 2000ല്‍ ശലഭ ശ്രീവാസ്തവയും, 2002-ല്‍ അഭിഷേക് ശര്‍മയും, 2014-ല്‍ കുല്‍ദീപ് യാദവും, 2018-ല്‍ അങ്കുല്‍ റോയിയും 15 വിക്കറ്റ് വീഴ്ത്തി തീര്‍ത്ത റെക്കോഡും ബിഷ്നോയ് ഇവിടെ മറികടന്നു. ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ പോലും ബിഷ്‌നോയ് കാഴ്ച്ചവെയ്ക്കുന്ന പ്രകടന മികവാണ് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണിയായി കൗമാര താരം മാറാന്‍ കാരണം.