വാര്‍ണര്‍ക്ക് പിന്നാലെ സ്മിത്തും കളി മതിയാക്കുന്നു?, നിര്‍ണായക വിവരവുമായി താരത്തിന്റെ മാനേജര്‍

പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കില്ലെന്ന് താരത്തിന്റെ മാനേജര്‍ വാറന്‍ ക്രെയ്ഗ് അറിയിച്ചു. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സഹതാരം ഡേവിഡ് വാര്‍ണര്‍ റെഡ്-ബോള്‍ ക്രിക്കറ്റിനോട് വിടപറയുകയാണ്. ഈ സാഹചര്യത്തിലാണ് സ്മിത്തിന്‍രെ ഭാവി പരിപാടികളെകുറിച്ചും ചോദ്യം ഉയര്‍ന്നത്.

34 കാരനായ സ്മിത്ത് ടീമിനൊപ്പം തന്റെ ലക്ഷ്യങ്ങള്‍ നേടാനും 10,000 ടെസ്റ്റ് റണ്‍സ് തികയ്ക്കാനും ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പങ്കെടുക്കാന്‍ സ്മിത്ത് ആഗ്രഹിക്കുന്നു.

”അദ്ദേഹം ഇപ്പോള്‍ വിരമിക്കുന്നില്ലെന്ന് എനിക്ക് പറയാന്‍ കഴിയും” സ്റ്റീവ് സ്മിത്തിന്റെ മാനേജര്‍ വാറന്‍ ക്രെയ്ഗ് പറഞ്ഞു. ‘അദ്ദേഹം ഇപ്പോഴും ദേശീയ ടീമിനൊപ്പം നിരവധി കാര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നു’ ക്രെയ്ഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സ്മിത്ത് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. കഴിഞ്ഞ സീസണിന്റെ അവസാനം മുതല്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും നേരിടുന്ന ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ സ്മിത്തിന്റെ ശരാശരി 34 ആണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മൊത്തം ടെസ്റ്റ് ശരാശരി 58.61 ആണ്.