തങ്ങളെ തോല്‍പ്പിക്കാന്‍ അതിമാനുഷ്യര്‍ വേണ്ടിവരും, ദക്ഷിണാഫ്രിക്കന്‍ നായകന്‍റെ വാക്കുകള്‍ 'ഒരാള്‍' അസാധുവാക്കി

ഷമീല്‍ സലാഹ്

അന്നത്തെ ക്ലാസും കഴിഞ്ഞ് നേരെ ഓടിയെത്തിയത് TVയുടെ മുന്നിലേക്കായിരുന്നു. കറാച്ചിയില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്ത് ആഫ്രിക്ക×വെസ്റ്റ് ഇന്‍ഡീസ് പകല്‍ മത്സരവും, ചെന്നൈയില്‍ നടക്കുന്ന മറ്റൊരു പകല്‍-രാത്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഓസ്ട്രേലിയ×ന്യൂസീലാന്റ് മത്സരവുമൊക്കെയായിരുന്നു അന്നത്തെ ക്ലാസ് ദിനം മൊത്തം മനസ്സില്‍.. വന്നപ്പോള്‍ TV ല്‍ കാണുന്നത് ന്യൂസിലാന്റ് ബാറ്റിങിന്റെ അവസാന കുറച്ച് ഓവറുകള്‍ ആയിരുന്നു.

ആദ്യത്തെ ചില വിക്കറ്റ് വീഴ്ച്ചകള്‍ക്ക് ശേഷം, തങ്ങളുടെ ഏറ്റവും കടുത്ത എതിരാളികള്‍ക്കെതിരെ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ലീ ജെര്‍മന്റെയും (89) ക്രിസ് ഹാരിസിന്റെയും (130) ബാറ്റിംഗ്. അതിനിടെ ജെര്‍മന്‍ പുറത്തായ ശേഷവും സ്‌കോര്‍ ഉയര്‍ത്താന്‍ അവസാനങ്ങളില്‍ ഓസീസ് ബൗളര്‍മാരെ തെല്ലും വില്‍കല്പിക്കാതെ ആഞ്ഞടിക്കുന്ന ഹാരിസിന്റെ അതി മനോഹരമായ ആ സെഞ്ചുറി ഇന്നിംഗ്‌സും കാണാന്‍ കഴിയുന്നു.. 4 സിക്‌സറുകളുടെയും 13 ബൗണ്ടറികളുടെയും സഹായത്തോടെ 124 പന്തില്‍ നിന്നും നേടിയ ഇന്നിംഗ്‌സ്!

World Cup Countdown: 1996 – South Africa run into Brian Lara | Cricket  Country

ആ ഇന്നിങ്‌സിന്റ ബലത്തില്‍ കിവീസ് 286 എന്ന അന്നത്തെ വിജയം ഉറപ്പിക്കാനാവുന്ന മികച്ച ടോട്ടലും പടുത്തുയര്‍ത്തി. അതിനിടയില്‍ മറ്റൊരു കാര്യവും അറിഞ്ഞു. കറാച്ചിയില്‍ വെച്ചുള്ള മത്സരത്തില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടിരിക്കുന്നു. ആ ലോകകപ്പില്‍ അജയ്യരായി മുന്നേറുന്നതിനിടെ, തങ്ങളെ തോല്‍പ്പിക്കാന്‍ അതിമാനുഷ്യര്‍ വേണ്ടിവരും എന്ന് പറഞ്ഞിരുന്ന സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണിയയുടെ വാക്കുകളെ ‘ഒരാള്‍’ അസാധുവാക്കിയിരിക്കുന്നു.. തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബ്രയാന്‍ ലാറയുടെ (111) ബാറ്റിംഗ് കരുത്തിലൂടെ. 94 പന്തില്‍ നിന്നും 16 ബൗണ്ടറികളോടെയായിരുന്നു ലാറയുടെ ഈ ഇന്നിങ്സ്. മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 264 റണ്‍സ് സൗത്ത് ആഫ്രിക്കക്ക് ഒരു സമയത്ത് ഈസിയായി മറികടക്കും എന്ന് തോന്നിപ്പിച്ചെങ്കിലും അവസാനങ്ങളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കാനായില്ല എന്നും അറിഞ്ഞു.

ഓസ്ട്രേലിയ മറുപടി ബാറ്റിംഗ് ആരംഭിച്ചു. ക്യാപ്റ്റന്‍ മാര്‍ക് ടെയ്‌ലര്‍ തുടക്കത്തില്‍ 10 റണ്‍സില്‍ തന്നെ പുറത്തായി. തുടര്‍ന്ന് വന്ന പോണ്ടിങ്ങിന്റെ സംഭാവന 31 റണ്‍സ്, അത് കഴിഞ്ഞെത്തിയ ഷെയിന്‍ വോണ്‍ വക ദ്രുതഗതിയില്‍ നേടിയ 24 റണ്‍സ്. ആ സമയമെല്ലാം ആ ലോകകപ്പിലെ അനിഷേധ്യനായ പോരാളി മാര്‍ക് വോ മറു തലക്കല്‍ സ്‌റ്റൈലിഷ് പ്ലെയിലൂടെ ബാറ്റ് വീശുന്നുണ്ടായിരുന്നു. കൂട്ടിന് പിന്നീട് ജേഷ്ഠന്‍ സ്റ്റീവ് ആയിരുന്നു. ഇരുവരും തമ്മിലുള്ള കുറച്ച് സമയത്തെ കൂട്ട് കെട്ടിന് ശേഷം, ആ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി മാര്‍ക് ബാറ്റ് ഉയര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ വിജയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നു.

സെഞ്ചുറി നേടിയ ശേഷം 10 റണ്‍സുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത ശേഷം 112 പന്തില്‍ നിന്നും 2 സിക്‌സും 6 ബൗണ്ടറിയുമായി 110 റണ്‍സ് നേടിയ മാര്‍ക് പുറത്തായ ശേഷം, സ്റ്റീവോയും (59), സ്റ്റുവര്‍ട്ട് ലോയും(42) ചേര്‍ന്ന് പിന്നീട് വിക്കറ്റ് നഷ്ടം വരുത്താതെ 13 പന്തുകള്‍ ബാക്കിനില്‍ക്കെ തന്നെ ന്യൂസിലാന്റില്‍ നിന്നും ആ മത്സര വിജയം തട്ടിപ്പറിച്ചെടുത്തു.

ആ മത്സരത്തില്‍ നേരത്തെ സെഞ്ചുറി നേടിയ ക്രിസ് ഹാരിസിന്റെ ഇന്നിംഗ്‌സ് ഓര്‍ത്തപ്പോള്‍ ഓസീസ് വിജയത്തില്‍ തെല്ല് വിശമവും തോന്നി. ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറയേകിയ ഇന്നിംഗ്‌സിനുടമ മാര്‍ക് വോ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും ആയി. ഇന്നേ ദിവസം ആയിരുന്നു വില്‍സ് വേള്‍ഡ് കപ്പിലെ ആ രണ്ട് മത്സരങ്ങള്‍.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7