ഏകദിനത്തില്‍ ഓസീസിന് എതിരെ അവരുടെ മണ്ണില്‍ വെച്ച് ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം

ഷമീല്‍ സലാഹ്

ഓസ്‌ട്രേലിയക്കെതിരെ, ഓസ്ട്രേലിയയില്‍ വെച്ച് ആദ്യമായി ഒരു ഏകദിന മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരം സെഞ്ച്വറി നേടിയ ദിവസം (ജനുവരി 12). ഇന്നേ ദിവസം 2000-ത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഇന്ത്യക്കായി തന്റെ ഏറ്റവും മികച്ച ഏകദിന സെഞ്ച്വറികളിലൊന്നിലൂടെ കാള്‍ട്ടന്‍ & യുണൈറ്റഡ് ട്രൈ സീരീസില്‍ വെച്ച് സൗരവ് ഗാംഗുലി ഈ നേട്ടം കൈവരിച്ചത്.

ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച രണ്ട് ഫാസ്റ്റ് ബോളര്‍മാരായ മഗ്രാത്തും, ബ്രെറ്റ് ലീയും, ഒപ്പം ഡാമിയന്‍ ഫ്‌ളെമിങ്ങുമെല്ലാം അണിനിരന്ന മികച്ച പേസ് അറ്റാക്കിനെതിരെയായിരുന്നു മറുപടി ബാറ്റിങ്ങിലൂടെയുള്ള ഗാംഗുലിയുടെ ഈ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. എങ്കിലും, റിക്കി പോണ്ടിങിന്റെ സെഞ്ച്വറിയില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 269 റണ്‍സിനെതിരെ ഇന്ത്യ 23 റണ്‍സുകള്‍ക്ക് മത്സരത്തില്‍ പരാജയപ്പെട്ടു.

ODI centuries by Indian players in and against Australia

താരതമ്യേന ശരാശരി ടീമായിരുന്ന ഇന്ത്യ ഗാംഗുലിയ്ക്കൊപ്പം വിവിഎസ് ലക്ഷ്മണ്‍ ഓപ്പണിംഗിലു വണ്‍ ഡൗണില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സമീര്‍ ദിഗേയും ഇറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാമനായിട്ടാണ് ഇറങ്ങിയത്. 12 റണ്‍സുകള്‍ക്ക് ടെണ്ടുല്‍ക്കര്‍ റണ്‍-ഔട്ട് ആയ ശേഷം എത്തിയ ദ്രാവിഡിനൊപ്പം ചേര്‍ന്ന് ഗാംഗുലി 100 റണ്‍സിന് മുകളിലുള്ള കൂട്ട്‌കെട്ടും ഉയര്‍ത്തിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷകളും വന്നിരുന്നു.

CricClips: Sourav Ganguly 100 vs Australia MCG 1999_00

എന്നാല്‍ സെഞ്ചുറി നേടിയ ഉടന്‍ തന്നെ മിഡ് ഓണില്‍ നിന്നുമുള്ള സൈമന്‍സിന്റെ നേരിട്ടുള്ള ത്രോയില്‍ ഗാംഗുലി അശ്രദ്ധമായി റണ്‍ ഔട്ടിലൂടെ പുറത്തായപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചതായി തോന്നി. അതോടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കുപിതരായി മത്സരം തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ കാണികളെ ശാന്തരാക്കാനായി അവര്‍ക്ക് നേരെ ക്ഷുഭിതനാവുന്ന ദ്രാവിഡില്‍ നിന്നുമുള്ള അപൂര്‍വ്വ സംഭവമൊക്കെ ഈ മത്സരത്തില്‍ ഉണ്ടായിരുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7