വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്. വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യതയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും എതിരെയാണ് പിസി ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശം.

രണ്ട് വീണമാരും വിജയനെയും കൊണ്ട പോകൂ എന്ന അവസ്ഥയാണ്. ആരോഗ്യ മന്ത്രിയെ രാജി വയ്പിച്ച് വീണ്ടും വാര്‍ത്ത വായനക്ക് പറഞ്ഞു വിടുന്ന താണ് കേരളത്തിന് നല്ലതെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. വാര്‍ത്ത വായിച്ച ചാനല്‍ എന്നേക്കുമായി പൂട്ടിച്ച ഐശ്വര്യമുള്ള വ്യക്തിയാണ് ആരോഗ്യ മന്ത്രിയെന്നും പിസി ആരോപിച്ചു.

സിപിഎമ്മില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ കണ്ടകശ്ശനി തുടങ്ങി. ഇപ്പോള്‍ ആരോഗ്യവകുപ്പിനെ ആരോഗ്യ മന്ത്രി തന്നെ നേരിട്ടു കൊല്ലുന്നു. ചികിത്സയ്ക്ക് നടന്ന് ആശുപത്രിയില്‍ കയറുന്നവന്‍ മൂക്കില്‍ പഞ്ഞി വച്ച് വീട്ടിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. പേപ്പട്ടി കടിച്ചാല്‍ കുത്തിവയ്പ്പ് എടുത്തില്ലെങ്കില്‍ കുറച്ച് ദിവസത്തിന് ശേഷവും ഇഞ്ചക്ഷന്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകവും മരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Read more

മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് ശേഷവും വീണാ ജോര്‍ജ് ആരോഗ്യ മേഖലയക്കുറിച്ച് വമ്പ് പറയുന്നത് അപമാനകരമാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി സര്‍ക്കാര്‍ വാഹനവും അകമ്പടിയും ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ ഗുണ്ടകളുടെ അകമ്പടിയിലാണ് ആരോഗ്യ വകുപ്പ് കൊന്നു കളഞ്ഞ ബിന്ദുവിന്റെ വീട്ടിലെത്തിയതെന്നും പിസി ആരോപിച്ചു.