സ്മൃതിയും ഹര്‍മ്മന്‍പ്രീതും അടിച്ചുതകര്‍ത്തു, ബോളര്‍മാര്‍ എറിഞ്ഞിട്ടു ; ഇന്ത്യന്‍ വനിതകള്‍ വിന്‍ഡീസിനെ തകര്‍ത്തു

തുടക്കത്തിലെ ആളിക്കത്തലിന് ശേഷം വെസ്റ്റിന്‍ഡീസിനെ കൃത്യമായ രീതിയില്‍ പിടിച്ചു നിര്‍ത്തിയതോടെ വനിതാലോകകപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ വനിതകള്‍   155   റണ്‍സിനായിരുന്നു വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയത്്. ഇന്ത്യയ്ക്കായി സെഞ്ച്വറികള്‍ നേടി സ്മൃതി മന്ദനയും ഹര്‍മ്മന്‍പ്രീത് കൗറും വിന്‍ഡീസിനെ അടിച്ചു തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു.

നിര്‍ണ്ണായക മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തി ജുലന്‍ ഗോസ്വാമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിയായപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച് മിതാലി രാജും റെക്കോഡിട്ടു. ടോസ് നേടിയ ബാറ്റിംഗ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ സ്മൃതി മന്ദനയുടേയും ഹര്‍മ്മന്‍പ്രീത് കൗറിന്റെയും മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ എട്ടു വിക്കറ്റിന് 317 റണ്‍സാണ് എടുത്തത്് ഈ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ്    163 റണ്‍സിന് വീണുപോകുകയായിരുന്നു. വിന്‍ഡീസിനായി ഓപ്പണര്‍ ദീയേന്ദ്ര ഡോട്ടിന്റെ അര്‍ദ്ധശതകം പാഴായി. ഓപ്പണര്‍മാരായ ഡോട്ടിനെയും ഹീലി മാത്യൂസിനെയും ഒഴിച്ചാല്‍ വിന്‍ഡീസ് ബാറ്റര്‍മാരെ ഒന്നും തന്നെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സമൃതി മന്ദനയും യാസ്തിക ഭാട്ടിയയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 119 പന്തുകളില്‍ 123 റണ്‍സാണ് സ്മൃതി അടിച്ചത്. 13 ബൗണ്ടറികളും രണ്ടു സിക്സറുകളും പറത്തി. മദ്ധ്യനിരയില്‍ ഹര്‍മ്മന്‍പ്രീത് 107 പന്തില്‍ 109 റണ്‍സ് അടിച്ചു. പത്ത് ബൗണ്ടറികളും രണ്ടു സിക്സറുകളും പറത്തി. യാസ്തിക ഭാട്ടിയ 21 പന്തില്‍ 31 റണ്‍സ് അടിച്ചു. ആറ് ബൗണ്ടറികളാണ് പറത്തിയത്. പിന്നാലെ വന്ന ഹര്‍മ്മന്‍പ്രീതും സമാന രീതിയില്‍ ബാറ്റ് ചെയ്തു. 107 പന്തില്‍ 109 റണ്‍സ് എടുത്തു. പത്ത് ബൗണ്ടറിയും രണ്ടു സിക്‌സറുമാണ് പറത്തിയത്. അതേസമയം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ചതിന്റെ റെക്കോഡിട്ട നായിക മിതാലി അഞ്ചിന് പുറത്തായി.

ദീപ്തി ശര്‍മ്മ 15 റണ്‍സിനും വീണു. 10 റണ്‍സ് എടുത്ത പൂജാ വസ്ത്രാകറിന്റെ സ്‌കോര്‍ കൂടി ഒഴിച്ചാല്‍ മറ്റാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല. വിന്‍ഡീസിന്റെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ദിയേന്ദ്ര ഡോട്ടിന്‍ (46 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സും) 62 റണ്‍സ് അടിച്ചപ്പോള്‍ ഹീലി മാത്യൂസ് 36 പന്തില്‍ 43 റണ്‍സ് എടുത്തു. എന്നാല്‍ പിന്നാലെ വന്നവരെയെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ എളുപ്പം തന്നെ മടക്കിയയച്ചതോടെ വിജയം അനായാസം പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ ടീമിനായി. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം മത്സരത്തില്‍ ഉജ്വല വിജയം കുറിച്ചിരിക്കുന്നത്.