വാള്‍പയറ്റ് ബാറ്റിംഗ്, അമ്പരപ്പിക്കുന്ന വിചിത്ര ഷോട്ടുകളുമായി സ്മിത്ത്

ആഷസ് ടെസ്റ്റില്‍ വിചിത്ര ഷോട്ടുകള്‍ പുറത്തെടുത്ത് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. മഴ മൂലം നനഞ്ഞൊട്ടിയ പിച്ചില്‍ അപകടകരമായ ബൗളുകള്‍ നേരിട്ടപ്പോഴാണ് സ്മിത്ത് ബാറ്റ് ‘വാളായി’ ഉപയോഗിച്ചത്.

71 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഓസ്‌ട്രേലിയ പതറിയപ്പോഴാണ് സ്മിത്ത് പിടിച്ചുനില്‍ക്കാന്‍ അറ്റകൈ പ്രയോഗിച്ചത്. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ സ്മിത്തിനായി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 40 പന്തില്‍ 13 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ട്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 258 റണ്‍സെടുത്തിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 80ന് നാല് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് അവശേഷിക്കെ 178 റണ്‍സ് കൂടി വേണം.

നേരത്തെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചാണ് സ്റ്റീവ് സ്മിത്ത് തന്റെ മടങ്ങി വരവ് ആഘോഷിച്ചത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയാണ് സ്മിത്ത് ഞെട്ടിച്ചത്.