ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പം എത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ജയ്സ്വാളിന്റെയും ഗില്ലിന്റെയും സെഞ്ച്വറി മികവിൽ മൂന്നിന് 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇവർക്കൊപ്പം കെഎൽ രാഹുൽ (42), റിഷഭ് പന്ത്(66) തുടങ്ങിയവരുടെ ഇന്നിങ്സുകളും എടുത്തുപറയേണ്ടത് തന്നെയാണ്. 159 പന്തുകളിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ജയ്സ്വാൾ 101 റൺസ് നേടിയത്.
ശുഭ്മാൻ ഗില്ലാവട്ടെ 175 പന്തുകളിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെ 127 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ പുതിയ നായകനായ ഗിൽ കുറിച്ചിരിക്കുന്നത് ചരിത്ര നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുളള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേട്ടമെന്ന റെക്കോഡാണ് ഗിൽ സ്വന്തമാക്കിയിരിക്കുന്നത്.
Read more
ഈ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഗിൽ. വിജയ് ഹസാരെ, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ, വിരാട് കോഹ്ലി തുടങ്ങിയവരാണ് ഇതിന് മുൻപ് ഈ നേട്ടത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ നിരയിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന സായി സുദർശൻ മാത്രമാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് രണ്ടും ബ്രൈഡൻ കേഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.