ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത് ചതിയായിപ്പോയി, ഇം​ഗ്ലണ്ടിനെതിരെ കളിക്കാൻ എറ്റവും യോ​ഗ്യൻ ആ താരം, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര ജൂൺ 20 മുതൽ ആരംഭിക്കുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ വിരമിച്ചതോടെ യുവനിരയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുളള ടീമാണ് ഇത്തവണ ഇന്ത്യയുടേത്. ശുഭ്മാൻ ​ഗിൽ ക്യാപ്റ്റനും റിഷഭ് പന്ത് വൈസ് ക്യാപ്റ്റനുമായ ടീമിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത താരങ്ങളുമുണ്ട്. അതേസമയം
ഇംഗ്ലണ്ട് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്.

ഹർഷിതിനോട് എന്തിനാണ് ഗംഭീറിന് ഇത്ര സ്നേഹമെന്നും ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിലെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ അൻഷുൽ കാംബോജിനെയാണ് ടീമിലേക്ക് പരിഗണിക്കേണ്ടതെന്നും ദൊഡ്ഡ പറഞ്ഞു. ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന ഹർഷിതിനോട് ആദ്യ ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ടിൽ തുടരാൻ ഇന്ത്യൻ ടീം മാനേജ്മെൻറ് ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗികമായി ടീമിന്റെ ഭാഗമല്ലെങ്കിലും ബാക്ക് അപ്പ് എന്ന രീതിയിലാണ് ഹർഷിത് റാണ ഇംഗ്ലണ്ടിൽ തുടരുന്നത്.

ഇംഗ്ലണ്ട് ലയൺസിനെതിരായ സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എയ്ക്കായി ഒരു മത്സരത്തിൽ മാത്രമാണ് ഹർഷിത് കളിച്ചിരുന്നത്. ഈ കളിയിൽ 99 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനേ യുവതാരത്തിന് കഴിഞ്ഞിരുന്നുളളൂ. 2024 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായ വർഷം ടീമിനായി തിളങ്ങിയതോടെയാണ് ഹർഷിത് റാണയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. ഓസ്ട്രേലിയക്കെതിരായ ബോർഡർ ​ഗവാസ്കർ ട്രോഫിയിലൂടെയായിരുന്നു ഹർഷിതിന്റെ ടെസ്റ്റ് അരങ്ങേറ്റം.

Read more

എന്നാൽ ഓസീസിനെതിരെ രണ്ട് മത്സരങ്ങളിൽ കളിച്ചെങ്കിലും നാലു വിക്കറ്റ് മാത്രമെ താരത്തിന് നേടാനായിരുന്നുളളൂ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായും തിളങ്ങിയതോടെയാണ് അൻഷുൽ കാംബോജിനെ എ ടീമിലുൾപ്പെടുത്തിയത്.