ടോസ് ന്യൂസിലന്‍ഡിന് ലഭിച്ചാല്‍ ഇന്ത്യയുടെ പരാജയം ഉറപ്പ്; തുറന്നടിച്ച് ബോണ്ട്

സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് ജയം ന്യൂസിലന്‍ഡിനാണെങ്കില്‍ ഇന്ത്യ ഭയക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി കിവീസ് മുന്‍ താരം ഷെയിന്‍ ബോണ്ട്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബോളിംഗ് ചെയ്താല്‍ ഇന്ത്യ കഷ്ടപ്പെടുമെന്നാണ് ബോണ്ട് പറയുന്നത്.

“അഞ്ച് പേസര്‍മാരുമായിട്ടായിരിക്കും ന്യൂസിലാണ്ട് മത്സരത്തിനിറങ്ങുകയെന്ന് കരുതുന്നു. അതേ സമയം ഇന്ത്യയാകട്ടെ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരെയും ആയിരിക്കും കളിപ്പിക്കുക. ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബോളിംഗ് തിരഞ്ഞൈടുത്താല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്താല്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കും.”

“ന്യൂ ബോളില്‍ കീവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാകില്ല. ന്യൂസിലാണ്ട് മത്സരം വിജയിക്കുമെന്നാണ് കരുതുന്നത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്താല്‍ അത് ഉറപ്പായും എളുപ്പത്തില്‍ സംഭവിക്കും. ആദ്യ ഇന്നിംഗ്‌സില്‍ തകരുന്ന ഇന്ത്യയ്ക്ക് പിന്നെ മത്സരത്തില്‍ യാതൊരു തരത്തിലും പ്രതീക്ഷയുണ്ടാകില്ല” ബോണ്ട് പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.