സഞ്ജുവിനെ തേടി അപൂര്‍വ്വ റെക്കോഡും

ഏറെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണിനെ തേടി അപൂര്‍വ്വ റെക്കോഡ്. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങളുടെ ഇടവേളക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായിരിക്കുന്നത്.

2015-ല്‍ സിംബാബ്വേക്കെതിരെയായിരുന്നു സഞ്ജു സാംസണ്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അന്ന് 19 റണ്‍സെടുത്ത സഞ്ജുവിന് പിന്നീട് അവസരം ലഭിക്കുന്നത് നാല് വര്‍ഷങ്ങള്‍ക്കു ശേഷം. ഇതിനിടെ ഇന്ത്യ 73 ടി20 മത്സരങ്ങള്‍ കളിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ ഒറ്റയടിക്ക് നഷ്ടമായ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായിരിക്കുന്നത്.

നേരത്തെ 2012-18 കാലത്ത് 65ടി20 മത്സരങ്ങള്‍ നഷ്ടമായ ഉമേഷ് യാദവിന്റെ പേരിലായിരുന്നു ഇന്ത്യന്‍ റെക്കോഡ്. 2010-2017കാലത്ത് 56 മത്സരങ്ങള്‍ നഷ്ടമായ ദിനേശ് കാര്‍ത്തിക്കും നഷ്ടക്കണക്കില്‍ മുന്നിലാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ നഷ്ടമായവരുടെ പട്ടികയില്‍ സഞ്ജു നാലാമതാണ്.

സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് മൂന്നാം ടി20യില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ മനീഷ് പാണ്ഡെക്ക് മാത്രമാണ് തിളങ്ങാനായത്. 18 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡെ ഏഞ്ചലോ മാത്യൂസിനെ പറന്ന് പിടിച്ച് പുറത്താക്കുകയും ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടീമിലെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്സിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്സ്. ആദ്യ പന്ത് സിക്സറടിച്ച സഞ്ജു രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ചാഹലിനാകട്ടെ ഒരു വിക്കറ്റു പോലും കിട്ടിയില്ല. 3 ഓവറില്‍ 33 റണ്‍ വിട്ടു കൊടുക്കുകയും ചെയ്തു.