'അയാള്‍ ശരിക്കുമൊരു മാസ്റ്റര്‍ തന്നെയായിരുന്നു'; താന്‍ നേരിട്ടവരില്‍ ഏറ്റവും കടുപ്പമേറിയ ബോളറെ കുറിച്ച് സച്ചിന്‍

താന്‍ നേരിട്ടവരില്‍ ഏറ്റവും കടുപ്പമേറിയ ബോളറെ കുറിച്ച് വാചാലനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പാകിസ്ഥാന്റ മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ഇതിഹാസവുമായ വസീം അക്രമാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബോളറെന്നു സച്ചിന്‍ വെളിപ്പെടുത്തി. അക്രമിന്റെ ആത്മകഥയായ ‘സുല്‍ത്താന്‍: എ മെമോയര്‍’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സച്ചിന്‍ കുറിച്ചത്.

ക്രിക്കറ്റെന്നത് ടീം ഗെയിമാണ്. പക്ഷെ എല്ലാം ബാറ്ററും ബൗളറും തമ്മിലുളള കൊമ്പുകോര്‍ക്കലിലേക്കു മാറിയിരിക്കുകയാണ്. വസീം അക്രമിലൂടെ ഓരോ ബാറ്റര്‍ക്കും അതിശയിപ്പിക്കുന്ന ഒരു എതിരാളിയെക്കൂടിയാണ് ലഭിക്കുന്നത്.

അത്രയും കഴിവുറ്റ ഒരാള്‍ക്കെതിരെ കളിക്കുമ്പോള്‍ അതു നിങ്ങളുടെ ഗെയിമിനെയും മുകളിലേക്ക് ഉയര്‍ത്തും. ഈ അനുഭവം എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവുകയും ചെയ്യും. വസീം ശരിക്കുമൊരു മാസ്റ്റര്‍ തന്നെയായിരുന്നു. ബോളുകളെക്കൊണ്ട് അദ്ദേഹം സംസാരിപ്പിക്കുകയാണ് കളിക്കളത്തില്‍ ചെയ്തിരുന്നത്.

ആദ്യമായി അക്രമിനെ നേരിട്ടത് എനിക്കോര്‍മ്മയുണ്ട്. അതു പോലെയൊരു അനുഭവം മറ്റൊരു ബോളറെ നേരിട്ടപ്പോഴും എനിക്കുണ്ടായിട്ടില്ല. ഞങ്ങള്‍ പരസ്പരം കളിച്ചിട്ടുള്ള മല്‍സരങ്ങളെല്ലാം എനിക്കോര്‍മയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഊഷ്മളമായ സൗഹൃദത്തിലാണ്‌സച്ചിന്‍ ആത്മകഥയില്‍ പറഞ്ഞു.