ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വെട്ടിക്കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ കയ്യാറല്ല. വാണിജ്യാവിശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വില 25 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയില്‍ ഇടിഞ്ഞിട്ടും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വാണിജ്യ സിലിണ്ടറിന്റെ വില ഇന്നു പ്രാബല്യത്തില്‍ വന്നവിധമാണ് 25 രൂപ കുറച്ചത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1,729.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയും കോഴിക്കോട്ട് 1,761.50 രൂപയുമായി. വാണിജ്യ സിലിണ്ടറിന് മേയില്‍ 15 രൂപയും ഏപ്രിലില്‍ 43 രൂപയും എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. അതേസമയം ഒരു കൊല്ലത്തിലേറെയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ വര്‍ധനയല്ലാതെ വിലക്കുറവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 7ന് 50 രൂപ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടുകയാണ് എണ്ണ കമ്പനികള്‍ ചെയ്തത്. ഇന്ത്യയില്‍ മൊത്തം എല്‍പിജി ഉപഭോഗത്തിന്റെ 90 ശതമാനവും വീടുകളിലാണ്. 10 ശതമാനമാണ് ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും വാഹനങ്ങളിലും ഉപയോഗിക്കുന്നത്. അതിനാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയാണ് ജനജീവിതത്തെ ബാധിക്കുകയെന്നിരിക്കെ ക്രൂഡ് ഓയില്‍ ഇടിവിന്റെ ഗുണം പോലും രാജ്യത്തെ സാധാരണക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയാണ്.
2024 മാര്‍ച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതകള്‍ക്കുള്ള സമ്മാനമെന്നോണം വില കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രഖ്യാപനം നടത്തിയാണ് 100 രൂപ കുറച്ചത്. ഇപ്പോള്‍ കൊച്ചിയില്‍ 860 രൂപ, കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് ഗാര്‍ഹിക സിലിണ്ടറിനു പ്രധാന ഇടങ്ങളിലെ വില.
Read more
രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ വില ഇടിവിന്റെ പാതയിലാണ്. ഡിമാന്‍ഡില്‍ കാര്യമായ ഉണര്‍വില്ലാത്ത സാഹചര്യമായിട്ടും ഉല്‍പാദനം കൂട്ടാനുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ തീരുമാനം വിലയിടിവിന് കാരണമായിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 60.79 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 62.78 ഡോളറിലുമാണുള്ളത്.