ബംഗ്ലാദേശിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സുരക്ഷാ സേനകളെയും രാഷ്ട്രീയ പാര്‍ട്ടിയും ഉപയോഗിച്ച് മനുഷ്യത്വ രഹിതമായി അടിച്ചമര്‍ത്തിയെന്ന് ആരോപിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അക്രമാസക്തമായ സംഭവവികാസങ്ങളില്‍ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടികാട്ടിയാണ് നടപടി.
ഇതിന്റെ വിവിധ തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം ടെലിവിഷന്‍ ഹിയറിങില്‍ പറഞ്ഞിരുന്നു. സുരക്ഷാ സേനകളോടും രാഷ്ട്രീയ പാര്‍ട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകള്‍ നടത്താനും ഹസീന ഉത്തരവിട്ടതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും കണ്ടെത്തിയതായി താജുല്‍ ഇസ്ലാം പറഞ്ഞു.
Read more
മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പ്രക്ഷോഭത്തിനിടെ നടന്ന സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹസീനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. കേസില്‍ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളിലും അടിച്ചമര്‍ത്തലുകളിലുമായി ഏകദേശം 1,500 പേര്‍ മരിക്കുകയും 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീന തിരികെ ബംഗ്ലാദേശിലേക്ക് അയയ്ക്കണമെന്ന് ഇന്ത്യയോട് ഇടക്കാല സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.