സിനിമാ കഥകളെ പോലും വെല്ലുന്ന റിയല്‍ ലൈഫ്, അവന്റെ പ്രയാണം അവസാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല!

ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്ന് 8 വര്‍ഷം മുമ്പ് ഒരു പതിനൊന്നു വയസ്സുകാരന്‍ മുംബൈയിലേക്ക് വണ്ടി കയറി. ലക്ഷ്യം ഒന്നു മാത്രം, ക്രിക്കറ്റ് കളിയ്ക്കുക.. ഒരു ക്രിക്കറ്ററാകുക. പക്ഷെ, ആറ് മക്കളുള്ള ഭരിദ്രനായ ഒരച്ഛന്റെ മകന്, ഒരു നേരത്തെ ഭക്ഷണം പോലും നേരാം വണ്ണം കിട്ടാത്തപ്പോള്‍, എങ്ങിനെയാണ് അവന്‍ മുംബെയിലെത്തി ക്രിക്കറ്റ് പരിശീലിക്കുക. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ആ അച്ഛന്‍ അവനോടൊപ്പം മുംബെയിലെത്തിയെങ്കിലും, കിടന്നുറങ്ങാന്‍ ഒരു ബെഡ് സ്‌പേസിന് പോലും ബുദ്ധിമുട്ടിയപ്പോള്‍, ആ അച്ഛന്‍ തിരിച്ചു പോരാന്‍ മകനെ നിര്‍ബന്ധിച്ചു, മകന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് മുന്നില്‍, ആ പിതാവ് തോല്‍വി സമ്മതിച്ചു, തന്റെ ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് തിരിച്ചിറങ്ങി.

ബന്ധുവിന്റെ ദുരിതങ്ങളുടെ കൂടെ തല്‍ക്കാലം താമസിച്ചിരുന്ന ആ പതിനൊന്നുകാരന്‍ അവിടെ നിന്ന് കുടിയിറക്കപ്പെട്ടു. തല ചായ്ക്കാന്‍ ഒരു ഇടമില്ലാതെ, ആസാദ് മൈതാനിയിലെ പുറമ്പോക്കുകളില്‍ അന്തിയുറങ്ങിയിരുന്ന ആ പയ്യന്, ഗ്രൗണ്ട്‌സ്മാന്‍ ഒരു ഉറപ്പ് കൊടുത്തു, അടുത്ത കളിയില്‍ നീ നന്നായി കളിച്ചാല്‍, ഗ്രൗണ്ടിലെ ടെന്റില്‍ നിനക്ക് താമസിക്കാം. തലചായ്ക്കാനൊരിടം, ജീവിതത്തിലെ അവന്റെ അക്കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്, തോറ്റു പിന്‍മാറാന്‍ അവന് കഴിയുകയില്ല, പിന്നീടുള്ള എല്ലാ മാച്ചുകളിലും അവന്‍ നന്നായി കളിച്ചു. വെള്ളവും, വെളിച്ചവുമില്ലാത്ത ആ ടെന്റില്‍ മഞ്ഞും, മഴയും, വേനല്‍ക്കാലവും മാറി മാറിയെത്തിയെങ്കിലും അവനിലെ നിശ്ചയദാര്‍ഡ്യത്തെ തോല്‍പ്പിക്കാന്‍ അതിനൊന്നുമായില്ല.

ഭക്ഷണത്തിന് നിവൃത്തിയില്ലാതെ വന്നപ്പോള്‍, പകല്‍ സമയത്തെ പരിശീലനത്തിന് ശേഷം രാത്രികളില്‍ തെരുവുകളില്‍ പാനീപൂരി കടകളില്‍ സഹായിയായി. പ്രഭാതകര്‍മ്മങ്ങള്‍ക്ക് , അവന്‍ ഷോപ്പിംഗ് മാളുകളിലെ ടോയ്‌ലറ്റുകളെ ആശ്രയിച്ചു. അവന്റെ രാത്രികള്‍, കണ്ണീരില്‍ കുതിര്‍ന്നു. മൂന്ന് വര്‍ഷങ്ങള്‍ അവന്‍ ദുരിത പൂര്‍ണ്ണമായ ടെന്റ് ജീവിതം തുടര്‍ന്നു. അതിനിടയില്‍ അവന്റെ ബാറ്റില്‍ നിന്നും റണ്ണുകള്‍ ഒഴുകികൊണ്ടേയിരുന്നു. ദൈവത്തിന്റെ കണ്ണുകള്‍ അവനില്‍ പതിഞ്ഞു, ജ്വാല സിംഗ് എന്ന ക്രിക്കറ്റ് പരിശീലകന്‍ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. നല്ല ഭക്ഷണവും, മികച്ച താമസ സൗകര്യവും അയാള്‍ ഏര്‍പ്പെടുത്തി.

2015 ല്‍ പ്രശസ്തമായ ഗാരി ഷീല്‍ഡ് സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആ പതിനാലുകാരന്‍ 319* റണ്‍സെടുത്തു Limca Book of Records ല്‍ കയറി. 2018 – 19 ല്‍ മുംബെ രഞ്ജി ടീമിലൂടെ അവന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. വിജയ് ഹസാരേ ടൂര്‍ണ്ണമെന്റില്‍ 154 ബോളില്‍ നിന്നും 203 റണ്‍സെടുത്തു, ലിസ്റ്റ് A ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ചുറിക്കാരന്‍ എന്ന ലോക റിക്കാര്‍ഡ് അവന്റെ പേരിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആ ബാറ്റില്‍ നിന്നും ഒഴുകിയിറങ്ങിയത് 50 സെഞ്ചുറികളാണ്. അണ്ടര്‍ 19 വേള്‍ഡ് കപ്പ് സ്‌ക്വാഡിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ്. ഇതിനിടയില്‍ 2020 IPL സീസണിലേക്ക് രാജസ്ഥാന്‍ റോയല്‍സ് അവന് വിലയിട്ടിരിയ്ക്കുന്നത് 2.4 കോടി രൂപയാണ്. നൂറ് രൂപ പോലും തികച്ചെടുക്കാ നില്ലാത്ത, ആ പതിനൊന്ന് വയസ്സുകാരന്‍ പയ്യന്‍ 19 വയസ്സിലേക്കെത്തിയപ്പോള്‍ കോടികളുടെ കിലുക്കവുമായി അവന്‍ തിളങ്ങുന്നു.

Image

അവന്റെ കണ്ണുനീര്‍ തുള്ളികള്‍ വീണുടഞ്ഞ, ആസാദ് മൈതാനിയിലെ ടെന്റുകള്‍ക്ക് വരും കാലത്ത് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഇനിയും ഒരു പാട് കഥകളുണ്ടായിരിയ്ക്കാം. ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിന്റെ, ആത്മ വിശ്വാസത്തിന്റെ, നിശ്ചയദാര്‍ഡ്യത്തിന്റെ ഇത്തരം റിയല്‍ ലൈഫ് സ്റ്റോറികളാണ് വരും കാല തലമുറകള്‍ക്ക് പ്രചോദനമാകേണ്ടത്. എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കുഗ്രാമത്തില്‍ നിന്ന് വണ്ടി കയറിയ ആ പതിനൊന്ന്കാരന്‍ പയ്യന്‍, ഇന്ന് ഇന്ത്യന്‍ ജഴ്‌സിയില്‍ U 19 വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍, സിനിമാ കഥകളെപ്പോലും വെല്ലുന്ന റിയല്‍ ലൈഫുമായി, അവന്റെ പ്രയാണം അവസാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആയിരിക്കുമെന്നതില്‍ സംശയമേതുമില്ല.

ഓ… സോറി .. ആ പയ്യന്റെ പേര് പറയാന്‍ മറന്നു, അല്ലെങ്കില്‍ വേണ്ട, ഒരു പേരിലെന്തിരിയ്ക്കുന്നു. നാളെകള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ അവന്റെ പേര് വിളിച്ച് പറയട്ടെ. ആ പതിനൊന്നുകാരന്‍ പയ്യന്‍, അതാണെനിക്കിഷ്ടം.. അത്രയ്ക്ക് ഹൃദയത്തിലേറി..

എഴുത്ത്: റഫീഖ് അബ്ദുള്‍കരീം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍ 24×7