ആര്‍.സി.ബിയുടെ പകരക്കാരന്‍ ഉലകം ചുറ്റും വാലിബന്‍; വമ്പനടികള്‍ക്ക് പേരു കേട്ടവന്‍

കോവിഡിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളില്‍ ചിലര്‍ പിന്മാറിയതോടെ ഐപിഎല്‍ ടീമുകളില്‍ പലതും പകരക്കാരെ കണ്ടെത്തുന്ന തിരക്കിലായിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചില പകരക്കാരെ കൂടെക്കൂട്ടി. അവരില്‍ സിംഗപ്പൂരുകാരനായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടീം ഡേവിഡിന് സവിശേഷതകളേറ.

ലോകത്തെ എട്ട് ക്രിക്കറ്റ് ലീഗുകളില്‍ കളിച്ചശേഷമാണ് 25 കാരനായ ടിം ഡേവിഡ് ഐപിഎല്ലിന് എത്തുന്നത്. ഭൂമിശാസ്ത്രപരമായി വ്യത്യസ്തത പുലര്‍ത്തുന്ന ആറ് പ്രദേശങ്ങളിലാണ് ഈ ലീഗുകളെല്ലാം അരങ്ങേറിയത്. പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്, ഹൊബാര്‍ട്ട് ഹുറിക്കന്‍സ്, ലാഹോര്‍ ക്വാലന്‍ഡേഴ്‌സ്, സറെ, സെന്റ് ലൂസിയ കിങ്‌സ് എന്നിങ്ങനെ പോകുന്നു ടിം ഡേവിഡ് പ്രതിനിധീകരിച്ച ടീമുകള്‍. ഒമ്പത് മാസത്തിനിടെ എട്ട് ടൂര്‍ണമെന്റുകളിലാണ് താരം പാഡ് കെട്ടിയത്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെ ഏറ്റവു തിരക്കുള്ള ക്രിക്കറ്റ് താരമായി ടിം ഡേവിഡിനെ കണക്കാക്കാം.

ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ടിം ഡേവിഡ് ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചത്. എന്നാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ സെക്കന്‍ഡ് ഡിവിഷന്‍ ടീമില്‍ എത്താന്‍ മാത്രമേ ഡേവിഡിന് സാധിച്ചുള്ളൂ. പിന്നീട് കളിയുടെ തട്ടകം സിംഗപ്പൂരിലേക്ക് ടിം ഡേവിഡ് പറിച്ചുനട്ടു. പതിയെ വമ്പന്‍ അടികള്‍ക്ക് മികച്ചവനെന്ന പെരുമ നേടിയെടുത്ത ടിം ഡേവിഡ് ഈ വര്‍ഷം ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹുറിക്കന്‍സനുവേണ്ടി സിക്‌സുകള്‍ പറത്തി. അതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിളിയെത്തി. അവിടെ നിന്ന് നെതര്‍ലന്‍ഡ്‌സില്‍ ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ പോയി. കൗണ്ടി ക്ലബ്ബ് സറെയും ടിം ഡേവിഡിനെ ഒപ്പംകൂട്ടാന്‍ മടിച്ചില്ല. ഇസിബി സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിലും ടിം ഡേവിഡ് സാന്നിധ്യമറിയിച്ചിരുന്നു. അതിനാല്‍ത്തന്നെ ആക്രമണോത്സുക ബാറ്റിംഗ് ഇഷ്ടപ്പെടുന്ന ടിം ഡേവിഡില്‍ ആര്‍സിബിയും പ്രതീക്ഷയര്‍പ്പിക്കുന്നു.