CSK VS PBKS: ധോണിയുടെ സിക്‌സ് കൈപിടിയിലൊതുക്കി ജഡേജ, പൊളിച്ചല്ലോയെന്ന് ആരാധകര്‍, സന്തോഷം പ്രകടിപ്പിച്ച് സൂപ്പര്‍ താരം, വീഡിയോ

പഞ്ചാബിനെതിരെയും തോറ്റ് ഇനി അടുത്ത സീസണില്‍ നോക്കാമെന്ന അവസ്ഥയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തിട്ടും കാര്യമായ മുന്നേറ്റം നടത്താന്‍ ഈ വര്‍ഷം സിഎസ്‌കെയ്ക്ക് സാധിച്ചില്ല. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പോലും അവര്‍ക്ക് എതിരാളികള്‍ക്കെതിരെ മികച്ച പോരാട്ടം നടത്താന്‍ കഴിയുന്നില്ല. ഇന്നലെ നാല് വിക്കറ്റിനാണ് പഞ്ചാബിനോട് സിഎസ്‌കെ തോറ്റത്. സം കറണ്‍ 47 പന്തില്‍ 88 റണ്‍സ് എടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും പഞ്ചാബിനെ ബോളിങ്ങില്‍ പിടിച്ചുകെട്ടാന്‍ ചെന്നൈക്കായില്ല. സിഎസ്‌കെ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്.

ചെന്നൈക്കായി ക്യാപ്റ്റന്‍ ധോണി 11 റണ്‍സ് മാത്രമാണ് ടീം സ്‌കോറിലേക്ക് സംഭാവന നല്‍കിയത്. നാല് പന്തില്‍ ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു എംഎസ്ഡിയുടെ ഇന്നിങ്‌സ്. അതേസമയം ചഹലിന്റെ പന്തില്‍ ധോണി അടിച്ച സിക്‌സ്‌ ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ക്യാച്ച് എടുത്ത ജഡേജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ധോണിയുടെ ഒറ്റകൈ കൊണ്ടുളള ഷോട്ട് ചെന്നൈ ടീമംഗങ്ങള്‍ ഇരുന്ന ഡഗൗട്ടിന് സമീപത്തുനിന്നാണ് ജഡേജ ക്യാച്ചെടുത്തത്.

പന്ത് കൈപിടിയിലൊതുക്കിയ ശേഷം ജഡേജ അതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം ടീമിനായി മുന്നില്‍ നിന്ന് നയിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരമായത്. 41 പന്തില്‍ 72 റണ്‍സെടുത്ത് ശ്രേയസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. പഞ്ചാബിനായി ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങും (54) അര്‍ധശതകം നേടി.

Read more