ഇന്ത്യ-പാക് പരമ്പര, നീക്കങ്ങള്‍ തുടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കാന്‍ ശ്രമം തുടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദുബായില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ പാകിസ്ഥാന്‍ ഇതിനായുള്ള നീക്കങ്ങള്‍ നടത്തുമെന്നാണ് അറിയുന്നത്.

ഇന്ത്യ-പാക് പരമ്പര തിരികെ കൊണ്ടുവരുന്നതിന്റെ ആദ്യ പടിയായി ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ മത്സരിക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റ് തുടങ്ങാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പദ്ധതിയിടുന്നത്. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്യുമെന്ന് റമീസ് രാജ അറിയിച്ചു.

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ട് പത്തു വര്‍ഷത്തിലേറെയായി. 2012-13ലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തുകയായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണു ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ നടക്കാത്തത്. 2021 ടി20 ലോക കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഒടുവില്‍ നേര്‍ക്കുനേര്‍ വന്നത്. ആ മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചു. ലോക കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നേടിയ ഏക വിജയവും ഇതാണ്.