എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോഓണ്‍ ചെയ്യിച്ചില്ല; ദ്രാവിഡിന്റെ മറുപടിയില്‍ മനം നിറഞ്ഞ് ആരാധകര്‍

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 66 റണ്‍സിന് തകര്‍ന്നിട്ടും സന്ദര്‍ശകരെ എന്തുകൊണ്ട് ഇന്ത്യ ഫോളോഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

‘ഈ യുവതാരങ്ങളുടെ മികച്ച പ്രകടനം ടീമെന്ന നിലയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളാണ് നല്‍കുന്നത്. മാത്രമല്ല ടീമിനെ അതു ശക്തരാക്കുകയും ചെയ്യുന്നു. മുംബൈ ടെസ്റ്റില്‍ ഞങ്ങള്‍ക്കു ഒരുപാട് സമയം ലഭിച്ചതായി അറിയം. ഫോളോഓണിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. ഒരുപാട് യുവ ബാറ്റര്‍മാര്‍ ടീമിലുള്ളതിനാല്‍ അവര്‍ക്കു ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള അവസരം നല്‍കാനാണ് ശ്രമിച്ചത്.’

Image

‘ഭാവിയില്‍ പേസിനെ തുണയ്ക്കുന്ന കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഞങ്ങളും ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമെന്ന് അറിയാം. അതുകൊണ്ടു തന്നെയാണ് രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സമയത്തിന്റെ ആനുകൂല്യവും ടീമിനു ലഭിച്ചു. നമ്മുടെ താരങ്ങളുടെ വളര്‍ച്ചയില്‍ സഹായിക്കുകയെന്നത് വലിയ കാര്യമാണ്’ ദ്രാവിഡ് പറഞ്ഞു.

Image

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് നാലാം ദിനം 167 റണ്‍സിന് ഓള്‍ഔട്ടായി.

ഇന്ത്യയ്ക്കായി അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.